അർജന്റീനയുടെ വിജയം; ആഹ്ലാദാരവങ്ങളിൽ ഫാൻഫെസ്റ്റിവൽ സോണുകൾ
text_fieldsമസ്കത്ത്: ലോകകപ്പിലെ നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയം സുൽത്താനേറ്റിലെ ആരാധകരിലും ആരവമുയർത്തി. മസ്കത്ത്, സൂർ, സലാല തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫാൻസ്ഫെസ്റ്റിവലിൽ കളി കാണാൻ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരുന്നത്.മത്സരത്തിന് മണിക്കൂറുകൾക്കുമുമ്പേ ഇവിടെ എത്തിയ ആരാധകർ അർജന്റീനക്കും മെസ്സിക്കും അഭിവാദ്യമർപ്പിച്ചും വിജയാശംസകൾ നേർന്നും വമോസ് വിളികളാൽ ഉത്സവാന്തരീക്ഷം തീർത്തു. അർജന്റീനിയൻ സ്വദേശികൾ മസ്കത്തിൽ നടക്കുന്ന ഫാൻസ് ഫെസ്റ്റിവലിൽ കളികാണാൻ എത്തിയിരുന്നു. ആദ്യ കളിയിലെ പരാജയം നിരാശപടർത്തിയെങ്കിലും ഈ വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്ന് അവർ പറഞ്ഞു.
അതേസമയം, ആദ്യപകുതിയിലെ ടീമിന്റെ പ്രകടനത്തിൽ പലരും അസ്വസ്ഥരായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ 64ാം മിനിറ്റിൽ സാക്ഷാൽ മെസ്സി അവതരിച്ചതോടെ ആവേശം അണപൊട്ടിയൊഴുകി. അതുവരെ ശ്വാസമടുക്കിപ്പിടിച്ച് കളി കണ്ട ആരാധകർ ആർപ്പുവിളികളാൽ അന്തരീക്ഷം ഉത്സവമയമാക്കി. മലയാളികളായ അർജന്റീനിയൻ ആരാധകരായിരുന്നു ഇക്കൂട്ടത്തിൽ ഏറെയും മുന്നിലുണ്ടായിരുന്നത്. ഇതിനിടക്ക് ബ്രസീൽ ആരാധകരെ ട്രോളി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും പ്രചരിക്കാനും തുടങ്ങി. 87ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ എൻസോ ഫെർണാണ്ടസിലൂടെ രണ്ടാമതും വല കുലുക്കിയതോടെ വലിയ കടമ്പ കടന്ന ആശ്വാസത്തിലായിരുന്നു ആരാധകക്കൂട്ടം.
അതേസമയം, ലോകകപ്പിൽ മുന്നോട്ടുപോകണമെങ്കിൽ ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് സലാലയിലുള്ള മലപ്പുറം സ്വദേശിയും അർജന്റീനിയൻ ആരാധകനുമായ അബ്ദുറഹ്മാൻ പറയുന്നത്.അതേസമയം, ഒമാന് കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില് (ഒ.സി.ഇ.സി) അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫാൻസ് ഫെസ്റ്റിവലിന് മികച്ച പ്രതികരണമാണ് ആരാധകരിൽനിന്ന് ലഭിക്കുന്നത്. ദിവസവും നൂറുകണക്കിനാളുകളാണ് ഇത്തരം സ്ഥലങ്ങളിൽ കളികാണാൻ എത്തുന്നത്. ലോകകപ്പ് ആവേശം ഒട്ടും ചോരാതെ ആരാധകരിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇത്തരം സ്ഥലങ്ങളിൽ ഒരുക്കിയത്. ലോകകപ്പ് തൽസമയ സംപ്രേക്ഷണത്തോടൊപ്പം വിവിധങ്ങളായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ നടക്കുന്ന ഫെസ്റ്റിവലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.