ഒമാനിൽ കവചിത വാഹനങ്ങൾ നിർമിക്കും
text_fieldsമസ്കത്ത്: ഒമാനിൽ കവചിത വാഹനങ്ങളുടെ നിർമാണത്തിന് വേദിയൊരുങ്ങുന്നു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കമ്പനികളിലൊന്നായ കർവ മോട്ടോഴ്സ്, ദ ആർമർഡ് ഗ്രൂപ്പുമായി (ടാഗ്) സഹകരണ, നിർമാണ സേവന കരാറിൽ ഒപ്പുവെച്ചു. കവചിത വാഹനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള കർവയിലേക്ക് മാറ്റാനാണ് ദ ആർമർഡ് ഗ്രൂപ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉൽപാദന ലൈനുകൾ വൈവിധ്യവത്കരിക്കുന്നതിനും ഉൽപാദന ശേഷിയിൽനിന്ന് പ്രയോജനം നേടുന്നതിനുമുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ചട്ടക്കൂടിലാണ് കരാർ വരുന്നതെന്ന് കർവ മോട്ടോഴ്സ് സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞു. പ്രാദേശിക വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിനും ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ വാണിജ്യ പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിൽ പബ്ലിക് അതോറിറ്റി ഫോർ സ്പെഷൽ ഇക്കണോമിക് സോണുകൾക്കും ഫ്രീ സോണുകൾക്കുമുള്ള പങ്കിനെയും കർവ കമ്പനിയെ പിന്തുണച്ചതിന് ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും ഖത്തർ ട്രാൻസ്പോർട്ട് കമ്പനിയുടെയും പങ്കിനെയും സി.ഇ.ഒ പ്രശംസിച്ചു. രണ്ടു വർഷമായി കർവ മോട്ടോഴ്സ് കൈവരിച്ച വിജയങ്ങൾ വാഹന നിർമാണം കമ്പനിയിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചെന്നും രണ്ടു കമ്പനികളുടെയും പ്രകടനം വർധിപ്പിക്കുന്നതിനും നേട്ടം കൈവരിക്കുന്നതിനും ഈ കരാർ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടാഗ് ദുകം സി.ഇ.ഒ താരിഖ് അൽ ഹുമൈദാനി പറഞ്ഞു. ഒമാന്റെയും ഖത്തറിന്റെയും സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്സ്. ഖത്തറിന്റെ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടിന് 70 ശതമാനവും മാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് 30 ശതമാനം നിക്ഷേപവുമാണുള്ളത്.
കരാർ അനുസരിച്ച്, കവചിത വാഹനങ്ങൾ നിർമിക്കുന്നതിന് കർവ മോട്ടോഴ്സ് ഒരു പുതിയ പ്രൊഡക്ഷൻ ലൈൻ അനുവദിക്കും. കൂടാതെ കമ്പനിയുടെ ശേഷിയും ലഭ്യമായ ഉപകരണങ്ങളും പ്രയോജനപ്പെടുത്താനും സാധിക്കും. ഒമാനും ഖത്തറും തമ്മിലുള്ള സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്സ്. കമ്പനിയുടെ 70 ശതമാനം ഓഹരി ഖത്തർ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടിനും 30 ശതമാനം ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കുമാണുള്ളത്. കർവ മോട്ടോഴ്സിന് ബസ് നിർമാണത്തിൽ പ്രത്യേകമായ ഒരു ഫാക്ടറിയുണ്ട്. പ്രതിവർഷം ശരാശരി 600 ബസുകൾ ഇവിടെ നിർമിക്കുന്നുണ്ട്. 2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ൽ ഉൽപാദനം ആരംഭിച്ചു. വിവിധതരം സിറ്റി ബസുകൾ, സ്കൂൾ ബസുകൾ, ദീർഘദൂര ബസുകൾ, ലക്ഷ്വറി ബസുകൾ എന്നിവ നിർമിക്കുന്നു. ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ 6,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.