ഗതാഗതം സാധാരണ നിലയിലേക്ക്; റുസ്താഖിൽ നൂറോളം വീടുകൾക്ക് കേടുപാട്
text_fieldsമസ്കത്ത്: മഴയിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കനത്ത മഴയിൽ വാദികൾ കുത്തിയൊലിച്ചതിനെത്തുടർന്ന് തെക്കൻ ബാതിന ഗവർണറേറ്റിലെ അൽ അവാബി, റുസ്താഖ്, ദാഹിറ ഗവർണറേറ്റിലെ ഇബ്രി, യൻകൽ, ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, അൽ ഹംറ, ബഹ്ല എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. വാദികൾ കടന്നുപോകുന്നിടത്തെ റോഡുകൾക്കും വീടുകൾക്കുമാണ് തകരാറുകൾ സംഭവിച്ചത്. പലയിടങ്ങളിലും ഗതാഗതം സാധാരണ നിലയിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
റുസ്താഖിൽ നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് അധികൃതർ പറയുന്നത്. വൈദ്യുതിയും ജലവിതരണവും പലയിടങ്ങളിലും തടസ്സപ്പെട്ടിരുന്നു. വൈദ്യുതി വിതരണം ഉച്ചയോടെ മിക്കയിടങ്ങളിലും പുനഃസ്ഥാപിക്കാനായെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ പറഞ്ഞു. കുറച്ച് സ്ഥലങ്ങളിൽ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. തകർന്ന ചില റോഡുകളിൽ ഗതാഗതം പുനരാരംഭിച്ചതായും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. തെക്കൻ ബാതിനയിലെ തകർന്ന റോഡുകൾ പരിശോധിച്ചെന്നും ഗതാഗതം സുഗമമാക്കാൻ ബദൽ സംവിധാനങ്ങൾ സ്വീകരിച്ചെന്നും ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമീർ അൽ ശെതാനി വ്യക്തമാക്കി. തെക്കൻ ബാതിന ഗവർണറേറ്റിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ സർവസജ്ജമാണെന്ന് നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റിന്റെ (എൻ.സി.ഇ.എം) കോഓഡിനേറ്റർ ഹമൂദ് ബിൻ മുഹമ്മദ് അൽ മൻദഹിരി പറഞ്ഞു. എൻ.സി.ഇ.എം നടത്തിയ ഫീൽഡ് സർവേയിൽ വാദിയോട് ചേർന്നുള്ള നിരവധി വീടുകളുടെ സംരക്ഷണ ഭിത്തി തകർന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി തകരാർ മൂലം റുസ്താഖിലെ വാദി ബനി ഔഫ് ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വീടുകളിൽ കഴിയുന്ന രോഗികളെ പരിശോധിക്കാനായി മൊബൈൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും ചില രോഗികളെ റുസ്താഖ് ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി കേസസ് മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബാദി പറഞ്ഞു.
അൽഹജർ പർവത പ്രദേശങ്ങളിലും അൽ വുസ്തയിലെയും ദോഫാറിലെയും മരുഭൂ പ്രദേശങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. നഖലിൽനിന്ന് അൽ അവാബിയിലേക്കുള്ള റോഡിൽ അൽ ഹാഷിയ പ്രദേശത്തുള്ള പാലം തകരാറിലാണെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും ഗതാഗത, വാർത്ത വിനിമയ, ഐ.ടി മന്ത്രാലയം അറിയിച്ചു.
അതേസമയം, മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസസ് അതോറിറ്റി (സി.ഡി.എ.എ) ജനങ്ങളെ ഓർമിപ്പിച്ചു. വടക്കൻ ബാത്തിന, അൽ ദാഹിരിയ, അൽ ദാഖിറ, ബുറൈമി എന്നിവിടങ്ങളിൽ വാദിയിൽ കുടുങ്ങിയ 13 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വാഹനങ്ങളിലൂടെ വാദി മുറിച്ചുകടക്കുന്നത് ആവർത്തിക്കുന്നുണ്ടെന്നും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദാഖിലിയ ഗവർണറേറ്റ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ കേണൽ ജുമാ സെയ്ഫ് അൽ മസ്റൂഇ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി പൊലീസ് സെക്യൂരിറ്റി ചെക്ക്പോസ്റ്റുകളും പട്രോളിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാദിയിലെ കുത്തൊഴുക്ക് കാരണം ആശുപത്രിയിൽ പോകാൻ കഴിയാതിരുന്ന രോഗിയെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് പൊലീസ് ഏവിയേഷന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. യൻകൽ വിലായത്തിലെ വാദി അൽ റാകിയിൽ കുടുങ്ങിയ പ്രവാസിയെയും ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. യൻകലിലെ തന്നെ വാദി അൽ ബുവീദ്രയിൽ വാഹനത്തിൽ കുടുങ്ങിയ കുടുംബത്തെയും രക്ഷപ്പെടുത്തി. ഇതിൽ ഒരാളെ ചികിത്സക്കായി ഇബ്രി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.