24 മണിക്കൂറിനിടെ ലോകത്തിലെ ഏറ്റവും ഉയർന്ന ചൂട് ഒമാനിൽ
text_fieldsമസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ഒമാനിലെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്നതും താഴ്ന്നതുമായ താപനില ട്രാക്ക് ചെയ്യുന്ന കാലാവസ്ഥാ വെബ്സൈറ്റായ ഒജിമെറ്റിൽനിന്നുള്ള റിപ്പോർട്ട് അനുസരിച്ച് അമീറാത്തിലും സൂറിലുമാണ് ഉയർന്ന ചൂട് അനുഭവപ്പെട്ടത്. തൊട്ടടുത്ത് ഇറാനിലെയും അൽജീരിയയിലെയും നഗരങ്ങളാണ് വരുന്നത്.
അമീറാത്തിലും സൂറിലും ബുധനാഴ്ച 48.9 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട് രേഖപ്പെടുത്തിയത്. 48.4 ഡിഗ്രിസെൽഷ്യസുമായി സമൈംമാണ് പിന്നിൽ. ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ടത് ദോഫാർ ഗവർണറേറ്റിലെ ധാൽകുത്ത് പ്രദേശത്താണ്- 23.4 ഡിഗ്രി സെൽഷ്യസ്. 24.1 ഡിഗ്രി സെൽഷ്യസുമായി ഷാലിയാണ് തൊട്ടടുത്ത്.
രാജ്യത്ത് ചൂട് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ഉയർന്ന ചൂട് ശരീരത്തിന് താങ്ങാനാവാത്തതാണ്. പുറത്തു ജോലിചെയ്യുന്നവർ നിർജലീകരണമുണ്ടാവുന്നത് ശ്രദ്ധിക്കണം. ജോലി അനിവാര്യമായതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മുൻകരുതലെടുക്കുകയാണ് ഉചിതം.
രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശമേല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. അതിനാല്‍ കുടയോ തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം.
അല്ലെങ്കില്‍ നിര്‍ജലീകരണംമൂലം വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. വിയർപ്പിനൊപ്പം ശരീരത്തിൽനിന്ന് ഉപ്പിന്റെ അംശം നഷ്ടമാവുന്നതിനാൽ കുടിവെള്ളത്തിൽ ഒ.ആർ.എസ് പോലുള്ളവ ചേർക്കുന്നത് നല്ലതായിരുക്കും. സൂര്യപ്രകാശം നേരിട്ട് ദേഹത്ത് പതിക്കുന്നത് മൂലമുള്ള പ്രയാസങ്ങൾ ഒഴിവാക്കാനായി ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കുക.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍ ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശീവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയുണ്ടാകും. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം.
ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ജോലിസ്ഥലത്തോ മറ്റോ ചൂടുകാലത്ത് ശാരീരിക അവശതമൂലം ബോധക്ഷയം സംഭവിച്ചാൽ കൂടെയുള്ളവർ അവരെ തണലത്തേക്കു മാറ്റി പരിചരിക്കണം. വെള്ളം കുടിപ്പിച്ച ശേഷം, ചികിത്സ വേണമെങ്കിൽ ആശുപത്രിയിലെത്തിക്കുക. കാറിൽ സഞ്ചരിക്കുമ്പോഴും വെള്ളം കുടി കുറക്കരുത്. അതേസമയം, 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തുന്നതിനാൽ കാറിൽ ഒരു ദിവസത്തിലേറെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കാതിരിക്കുക. കടുത്ത ചൂടിൽ പ്ലാസ്റ്റിക്കും ഉരുകുന്നത് വെള്ളത്തെ ബാധിക്കുന്നത് മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.