യമനിനുള്ള കൈത്താങ്ങ് തുടരുന്നു; 30 പേർക്ക് കൂടി കൃത്രിമ കൈകാലുകൾ നൽകി
text_fieldsമസ്കത്ത്: യമനിലെ സംഘർഷത്തിൽ പരിക്കേറ്റ 30പേർക്ക് കൂടി കൃത്രിമ കൈകാലുകൾ നൽകി ഒമാൻ. സലാലയിലെ അറേബ്യൻ പ്രോസ്തെറ്റിക്സ് സെന്ററിൽ (എ.പി.സി) കഴിഞ്ഞ ദിവസമാണ് ഇവരുടെ ചികിത്സ നടപടികൾ പൂർത്തിയായത്. ഇതോടെ കൃത്രിമ കൈകാലുകൾ നൽകി ഇതിനകം 930 പേരെയാണ് സാധാരണ ജീവിതത്തിലേക്ക് സുൽത്താനേറ്റ് കൈപിടിച്ച് നടത്തിയത്.
യമനിൽ എട്ടുവർഷമായി തുടരുന്ന ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെടുകയും വികലാംഗരാക്കപ്പെടുകയും ചെയ്തിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിക്കേറ്റവർക്ക് കേന്ദ്രത്തിൽ വൈദ്യസഹായവും കൃത്രിമ കൈകാലുകളും നൽകുന്നുണ്ടെന്ന് എ.പി.സി ഡയറക്ടർ വഹാബ് അൽ അമർ അറിയിച്ചു. അംഗവൈകല്യമുള്ള യമനികൾക്ക് കൃത്രിമ അവയവങ്ങൾ ഉപയോഗിക്കാൻ പ്രത്യേക സംഘമാണ് പരിശീലിപ്പിക്കുന്നത്.
സെന്ററിലെ 16ാമത്തെ ബാച്ചിന്റെ ചികിത്സയും പരിശീലനവുമാണ് വ്യാഴാഴ്ച പൂർത്തിയായതെന്ന് അൽ അമർ പറഞ്ഞു. ദുരിതബാധിതരായ യമനികളോട് സുൽത്താനേറ്റ് കാണിക്കുന്ന മാനുഷിക ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ജർമൻ പ്രോസ്തെറ്റിക്സ് കമ്പനിയായ ഒട്ടോബോക്കിന്റെ സഹകരണത്തോടെ അംഗവൈകല്യമുള്ളവർക്ക് പുനരധിവാസ സേവനങ്ങൾ നൽകുന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് എ.പി.സി. പരിക്കേറ്റ യമനികൾക്ക് സുൽത്താനേറ്റിന്റെ സഹായത്തോടെ മികച്ച പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ.പി.സി ആരംഭിച്ചത്.
യമനിലെ സന, ഇബ്ബ്, മആരിബ് എന്നിവിടങ്ങളിൽനിന്ന് പരിക്കേറ്റ അമ്പത് ആളുകളാണ് ഒമാനിലെ കേന്ദ്രത്തിൽ ചികിത്സയും പുനരധിവാസ പരിപാടിയും വിജയകരമായി പൂർത്തിയാക്കി പുതിയ ജീവിതത്തിലേക്ക് നടന്നു കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.