തണുപ്പ് കൂടിയതോടെ 'അടിച്ചായ' പ്രിയം വർധിച്ചു
text_fieldsസുഹാർ: രാജ്യത്ത് തണുപ്പ് ശക്തി പ്രാപിച്ചതോടെ 'അടിച്ചായ' തേടി മലയാളികളടക്കമുള്ള പ്രവാസികൾ. ജോലി കഴിഞ്ഞു ഏതെങ്കിലും കടയിൽ പോയി അടിച്ചായയുടെ രുചി നുകർന്ന് കുറച്ചു സമയം സൊറ പറഞ്ഞു വീട്ടിലേക്ക് തിരിക്കുന്ന നിരവധി കൂട്ടങ്ങൾ പ്രവാസ ലോകത്തുണ്ട്. ചായ കൂട്ടങ്ങൾ കൊണ്ട് പുതിയ സൗഹൃദം തീർത്തവർ ഏറെയാണ്. സ്വദേശികൾ മാത്രം രുചിച്ചിരുന്ന കറക്ക് ചായ മലയാളികളും ഇഷ്ട്ടപ്പെട്ടു വരുമ്പോഴാണ് സമാവറിന്റെ കടന്നുവരവ്. ഇതോടെ നാട്ടിലെ ഗൃഹാതുരത ഓർമപ്പെടുത്തി അടിച്ചായ മലയാളികളിൽ പടർന്നു കയറി. ചായ പ്രേമികൾ സമാവർ അടിചായയിലേക്ക് മാറിയതോടെ ഒരു ചായ സംസ്കാരം ഉടലെടുത്തു.
വൈകീട്ട് ഒരു അടിച്ചായയും ഒരു കടിയും കുറച്ചു സൊറയും എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ജ്യുസ് മാത്രം നൽകിയിരുന്നു ചെറിയ കടകൾ ചായക്കടകളായി രൂപമാറ്റം വരുത്തി. നാല് മണി പലഹാരങ്ങളുടെ നിര അലമാര കീഴടക്കി. വെട്ട് കേക്ക് മുതൽ ഉന്നക്കായവരെ നിരത്തി ചായ പ്രേമികളെ തങ്ങളിലേക്ക് ആകർഷിക്കുന്ന രീതിയിലായി ഉടമകളുടെ തന്ത്രം. കടുപ്പമുള്ളതും, വെള്ളം കുറവും, മധുരം ഇല്ലാത്തതും, ലൈറ്റ് ചായയും, അടിക്കാത്ത ചായയും മധുരം കൂട്ടിയും, പൊടിക്ക് പഞ്ചസാര ചേർത്തും വ്യത്യസ്ത രുചികളെ കൊണ്ട് തങ്ങളുടെ ചായ പ്രേമം വളർത്തി.
നാട്ടിലെ തട്ടുകടകളെ അനുസ്മരിപ്പിക്കും വിധം ചായക്കടകൾക്ക് വെറൈറ്റി പേരുകൾ നൽകി ഷാജിപ്പ ചായക്കടമുതൽ ചായ മക്കാനിവരെ ആകർഷണ പേരുകൾ നൽകി കച്ചവട തന്ത്രം പയറ്റി ഉടമകൾ. റയിൻബോ ടിൻ പാലും നൂലിൽ തൂക്കിയ ലിപ്റ്റൻ തേയിലയും ചൂട് വെള്ളത്തിൽ ചേർത്തുണ്ടാക്കിയ ചായയുടെ കാലം കഴിയുന്നു. തണുപ്പ് കാലത്ത് ഫ്രഷ് പാലിൽ തേയില വേവിച്ചു കടുപ്പം വരുത്തി അതിന്റെ പാകത്തിൽ അടിച്ചു ചൂടോടെ ചില്ലു ഗ്ലാസിൽ നൽകുന്ന ചായയുടെ ഉന്മേഷം മറ്റൊന്നിനും കിട്ടില്ലെന്ന് ചായ പ്രേമികൾ പറയുന്നു.
അടിച്ചായക്ക് ഉപയോഗിക്കുന്ന തേയിലയാണ് പ്രധാനം എന്നാണ് ചായ പ്രേമിയും വ്ലോഗറുമായ സിറാജ് കാക്കൂർ പറഞ്ഞത്. ചില ചായ കടക്കാർ നാട്ടിൽനിന്ന് കൊണ്ടുവരുന്ന ലൂസ് തേയിലയാണ് അടിച്ചായക്കായി ഉപയോഗിക്കുന്നത്. പ്രത്യേകം മിക്സ് ചെയ്ത് വലിയ കാറ്ററിങ് പാക്കറ്റുകളിൽ വിൽപന ചെയ്യുന്ന തേയില ഇവിടെയും ഇപ്പോൾ ലഭ്യമാണ്. നല്ല തേയിലയും പഴക്കമുള്ള ഒരു ചായക്കാരനും ചേർന്നാൽ നല്ല ചായ ഉണ്ടാക്കാം എന്നാണ് ചായക്കട മുതലാളിമാർ പറയുന്നത്. തണുപ്പ് അനുദിനം കൂടിക്കൊണ്ടരിക്കെ ഇത്തരം ചായകൾ തേടി എത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കച്ചവടക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.