മൃതദേഹം തൂക്കിനോക്കുന്ന പ്രവണതക്ക് വൈകാതെ അന്ത്യമാകും –അഷ്റഫ് താമരശ്ശേരി
text_fieldsമസ്കത്ത്: ഗൾഫിൽ മരണമടയുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിന് തൂക്കം കണക്കാക്കി നിരക്ക് ഇൗടാക്കുന്ന വിമാനക്കമ്പനികളുടെ അനീതിക്ക് അധികം വൈകാതെ അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അഭിപ്രായപ്പെട്ടു. മസ്കത്തിൽ ‘ഗൾഫ് മാധ്യമം’ ഓഫിസ് സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇത്തരത്തിൽ മൃതദേഹത്തിന് തൂക്കം കണക്കാക്കി തുക ഈടാക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും 35ലധികം രാജ്യങ്ങളിലേക്ക് മൃതദേഹങ്ങൾ കയറ്റിയയച്ചിട്ടുള്ള അഷ്റഫ് അഭിപ്രായപ്പെട്ടു.
പാകിസ്താനികളുടെ മൃതദേഹങ്ങൾ പൂർണമായും സൗജന്യമായാണ് കൊണ്ടുപോകുന്നത്. ബംഗ്ലാദേശികൾക്ക് അവിടത്തെ വിമാനത്താവളത്തിൽനിന്നുതന്നെ നഷ്ടപരിഹാരം ലഭിക്കും. ചില രാജ്യങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൂർണമായും സൗജന്യം അനുവദിക്കുന്നുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന ഈ അനീതിക്കെതിരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ സുപ്രീംകോടതിയിൽ കേസും ഉണ്ട്. അധികം വൈകാതെ അനുകൂലവിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന മരണങ്ങളിൽ കൂടുതലും ആത്മഹത്യകളാണ്. തൊഴിൽപരമായ പ്രശ്നങ്ങൾ മൂലം അനുഭവിക്കുന്ന സമ്മർദം ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇതിനു ജാതി-മത- ദേശ വ്യത്യാസം ഇല്ല. ആത്മഹത്യ പ്രവണതക്ക് എതിരെ ഒട്ടേറെ സംഘടനകൾ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രാപ്തി കാണുന്നില്ല എന്നത് ദുഃഖകരമാണ്. കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് പലവിധ ചൂഷണം നടത്തുന്ന സാമൂഹിക വിരുദ്ധരും സമാന്തരമായി വളർന്നുവരുന്നുണ്ട്. കുടുംബം ഓരോ വ്യക്തിക്കും സമൂഹത്തിനും താങ്ങും തണലും ആണ്.
കുടുംബബന്ധങ്ങൾ ഊഷ്മളമാക്കി നിലനിർത്തുമ്പോഴാണ് നമുക്ക് കരുത്തുലഭിക്കുകയെന്ന് മനസ്സിലാക്കണം. പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചത് തെൻറ സാമൂഹിക സേവനത്തിന് ഏറെ പ്രയോജനകരമായി. ഇന്ത്യൻ എംബസി അടക്കം എല്ലായിടത്തും ഔദ്യോഗിക കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിച്ചു. കഴിയുന്നത്ര കാലം സാമൂഹിക സേവനം ചെയ്യണമെന്നാണ് ആഗ്രഹം. എന്നും തനിക്ക് താങ്ങും കരുത്തുമായി സ്വന്തം കുടുംബവും പ്രവാസി സമൂഹവും കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഷ്റഫ് താമരശേരിയെ കേന്ദ്ര കഥാപാത്രമാക്കി ‘സ്വർഗവാതിൽ’ എന്ന നോവൽ രചിച്ച കെ.പി. സുധീരയും ഒപ്പമുണ്ടായിരുന്നു. ‘ഗൾഫ് മാധ്യമം’ റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ, ബ്യൂറോ ഇൻ ചാർജ് റഫീഖ് മുഹമ്മദ്, സർക്കുലേഷൻ ഇൻ ചാർജ് യാസർ അറാഫത്ത്, അക്കൗണ്ട്സ് ഇൻ ചാർജ് ഷംസു മേലാറ്റൂർ, അൽ ബാജ് ബുക്ക്സ് എം.ഡി ഷൗക്കത്ത് അലി, ഗൾഫ് മാധ്യമം റീഡേഴ്സ് ക്ലബ് പ്രതിനിധി അബ്ദുൽ സത്താർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.