ഏഷ്യൻ കപ്പ്: ഒമാന് ഇന്ന് ജീവൻ മരണ പോരാട്ടം
text_fieldsമസ്കത്ത്: ഏഷ്യൻ കപ്പിലെ ജീവൻ മരണപോരാട്ടത്തിന് ഒമാൻ വ്യാഴാഴ്ച കളത്തിലിറങ്ങും. മികച്ച മാർജനിൽ ജയിക്കുന്നതിനോടൊപ്പം ഭാഗ്യവും തുണക്കണേയെന്ന പ്രാർഥനയുമായാണ് കോച്ച് ബ്രാങ്കോ ഇവോകോവിച്ചിന്റെ കുട്ടികൾ ഇന്ന് ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. ദോഹയിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കിർഗിസ്താനാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റതിന് പിന്നാലെ നിർണായക മത്സരത്തിൽ തായ്ലൻഡിനെതിരെ സമനിലകൂടി വഴങ്ങിയതോടെതയാണ് റെഡ് വാരിയേഴ്സിന്റെ പ്രീ ക്വാർട്ടർ പ്രവേശനം തുലാസിലായത്. പന്തടക്കത്തിലും പാസിങ്ങുകളിലും കൃത്യത പുലർത്തുന്നുണ്ടെങ്കിലും ഗോൾ നേടാൻ കഴിയാത്തതാണ് ഒമാനു തിരിച്ചടിയാകുന്നത്. കഴിഞ്ഞ രണ്ട് കളിയിൽനിന്ന് ആകെ ഒരു ഗോൾ മാത്രമാണ് നേടാനായത്. മികച്ച അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ് തിരിച്ചടിയായത്. പ്രീ ക്വാർട്ടർ പ്രവേശനത്തിന് ഇനി രണ്ട് സാധ്യതകളാണ് ഒമാന് മുന്നിലുള്ളത്.
ഇതിൽ ഒന്നാമത്തേത് ഇന്നത്തെ കളിയിൽ മികച്ച മാർജനിൽ ജയിക്കുകയും ഒപ്പം ഭാഗ്യവും തുണച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരായി കയറിക്കൂടാം. എന്നാൽ, ആറു ഗ്രൂപ്പുകളിൽനിന്ന് നാലു ടീമുകൾക്കേ ഈ അവസരം ലഭിക്കുകയുള്ളൂ. കഴിഞ്ഞ ഏഷ്യൻ കപ്പിലും ഒമാൻ ഇപ്രകാരമായിരുന്നു പ്രീക്വാർട്ടറിൽ കയറിയിരുന്നത്. മറ്റൊരു സാധ്യത, തായ്ലൻഡിന്റെ അവസാന മത്സരം ഇന്ന് സൗദിക്കെതിരെയാണ്. ഇതിൽ തായ്ലൻഡ് തോൽക്കണം. ഒപ്പം അവസാന മത്സരത്തിൽ കിർഗിസ്ഥാനെ ഒമാൻ വൻമാർജനിൽ പരാജയപ്പെടുത്തുകയും ചെയ്താൽ റെഡ്വാരിയേഴ്സിനും തായ്ലൻഡിനും തുല്യപോയന്റാകും. ഗോൾശരാശരിയിൽ തായ്ലൻഡിനെ മറികടക്കുകയാണെങ്കിൽ ഒരുപക്ഷേ ഒമാന് രണ്ടാം സ്ഥാനക്കാരായി നേരിട്ടും കയറിക്കൂടാനാകും. ഗ്രൂപ് എഫിൽ രണ്ട് കളിയിൽനിന്ന് ആറുപോയന്റുമായി സൗദി പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. നാല് പോയന്റുമായി തായ്ലൻഡാണ് രണ്ടാം സ്ഥാനത്ത്.
മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം ഒമാനും കിർഗിസ്താനുമാണുള്ളത്. ആശ്വാസ ജയം തേടിയാണ് കിർഗിസ്താൻ വരുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം തീ പാറുമെന്ന് ഉറപ്പാണ്. അതേസമയം, ഇതിന് മുമ്പുള്ള പ്രധാന ടൂർണമെന്റുകളിലെല്ലാം ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഒമാൻ ആദ്യ റൗണ്ട് കടന്നു കൂടിയിട്ടുള്ളത്. ഗൾഫ് കപ്പ്, കഴിഞ്ഞ ഏഷ്യാ കപ്പ്, ഖത്തറിൽ 2022ൽ നടന്ന അറബ് കപ്പ് എന്നിവയിൽ അവസാന ഗ്രൂപ് മത്സരത്തിന് ശേഷമാണ് ഒമാന്റെ മുന്നോട്ടുള്ള യാത്ര സുഗമമായതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.