ഏഷ്യൻ കപ്പ്: കളിച്ചാൽ പോരാ, ജയിക്കണം
text_fieldsനിർണായക
മത്സരത്തിന്
ഒമാൻ ഇന്നിറങ്ങും,
തായ്ലൻഡാണ്
എതിരാളികൾ
മസകത്ത്: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ നിർണായക മത്സരത്തിനായി ഒമാൻ ഇന്നിറങ്ങും. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തായ്ലൻഡാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 6.30നാണ് കളി. പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തണമെങ്കിൽ റെഡ്വാരിയേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്. തായ്ലൻഡാകട്ടെ ആദ്യ കളിയിൽ കിർഗിസ്താനെതിരെ 2-0ന് ജയിച്ചു കയറിയതിന്റെ ആത്മ വിശ്വാസവുമായിട്ടാണ് കളത്തിലിറങ്ങുന്നത്. ഗ്രൂപ് ഏഫിൽ ഒന്നാം സ്ഥാനത്താണ് തായ്ലൻഡ്. രണ്ടാംസ്ഥാനത്ത് സൗദിയാണ്. ആദ്യകളിയിൽ സൗദിക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും അവസാന നിമിഷത്തിൽ ഒമാൻ പൊരുതി വീഴുകയായിരുന്നു.
താരതമ്യേന ദുർബലരായ തായ്ലൻഡിനെതിരെ മികച്ച കളി കെട്ടഴിച്ച് ഇന്ന് മൂന്നുപോയന്റ് സ്വന്തമാക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. എന്നാൽ, എതിരാളികളെ ചെറുതായിക്കാണരുതെന്നാണ് കോച്ച് ബ്രാങ്കോ ഇവോകോവിച്ച് നൽകിയിരിക്കുന്ന നിർദേശം. തങ്ങളുടേതായ ദിവസങ്ങളിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ളവരാണ് തായ്ലൻഡുകർ. അതുകൊണ്ടുതന്നെ ചെറിയൊരു അശ്രദ്ധപോലും ടൂർണമെന്റിലെ മുന്നോട്ടുള്ളപോക്കിനു തടസ്സമാകുമെന്ന് ഒമാൻ തിരിച്ചറിയുന്നുണ്ട്.
സൗദിക്കെതിരെ കളിച്ച ടീമിൽനിന്ന് വലിയമാറ്റങ്ങളൊന്നും കോച്ച് വരുത്താൻ സാധ്യതയില്ല. എതിരാളികളുടെ ശക്തിയിൽ പകച്ചുനിൽക്കാതെ ആദ്യം മുതലേ അക്രമിച്ചു കളിക്കുക എന്ന തന്ത്രമായിന്നു ആദ്യകളിയിൽ നടപ്പാക്കിയിരുന്നത്. ഒപ്പം പ്രതിരോധം കോട്ടപോലെ കാക്കുകയും ചെയ്തു. ഇന്നും ഈ ശൈലിതന്നെയാണ് സ്വീകരിക്കുക. തായ്ലൻഡിനെതിരെയുള്ള അവസാന ഒമ്പത് മത്സരത്തിൽ ആറും തങ്ങൾക്കൊപ്പമായിരുന്നു എന്നുള്ളത് സുൽത്താനേറ്റിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. തായ്ലൻഡ് ഡിഫൻഡർ ടെറത്തോൺ പൂന്മഥന് ഇന്നത്തെ മത്സരം ഒരുനാഴിക്കല്ലുകൂടിയാണ്.
ദേശീയ ജഴ്സിയിൽ നൂറാം മത്സരത്തിനാണ് കളത്തിലിറങ്ങുന്നത്. തായ്ലൻഡിനെ നിസ്സാരമായി കാണുന്നില്ലെന്നും വിജയം മാത്രം ലക്ഷ്യമിട്ടാണിന്ന് കളത്തിലിറങ്ങുന്നതെന്നും ഒമാൻ കോച്ച് ബ്രാങ്കോ ഇവോകോവിച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.