ഏഷ്യൻ കപ്പ്: തോൽവിയിലും കരുത്ത് കാട്ടി ഒമാൻ
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിലെ ആദ്യ കളിയിൽ തോറ്റെങ്കിലും ഒമാന്റെ കരുത്തു മുഴുവൻ പ്രകടമാകുന്നതായിരുന്നു മത്സരം. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശക്തരായ സൗദിയോട് 2-1നാണു അടിയറവു പറഞ്ഞത്. സ്കോർ നില സൂചിപ്പിക്കുംപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. എതിരാളികളുടെ ശക്തിയിൽ പകച്ചുനിൽക്കാതെ ആദ്യം മുതലേ ആക്രമിച്ച് കളിക്കുക എന്ന തന്ത്രമായിന്നു ബ്രാങ്കോ ഇവോകോവിച്ചിന്റെ കുട്ടികൾ നടപ്പിലാക്കിയിരുന്നത്. ഇടതു വലതു വിങ്ങുകളിലുടെ മുന്നേറ്റം ശക്തമാക്കിയ റെഡ്വാരിയേഴ്സ് പ്രതിരോധം കോട്ടപോലെ കാക്കുകയും ചെയ്തു. സൗദിയുടെ ആക്രമണം ചില സമയങ്ങളിൽ പ്രതിരോധ നിരയെ പരീക്ഷിച്ചെങ്കിലും കോട്ടപൊളിച്ചു മുന്നേറാൻ ആദ്യ പുകുതിയിൽ റോബർട്ടോ മാൻസീനിയുടെ കുട്ടികൾക്കായില്ല. ഇതിനിടെയാണ് ഗാലറിയുടെ പകുതിയിലേറെയും കൈയടക്കിയിരുന്ന സൗദി ആരാധകരെ ഞെട്ടിച്ച് ഒമാൻ ആദ്യ ഗോൾ നേടിയത്. 14ാ മിനിറ്റിൽ പെനാൽറ്റിയിലൂടെ സലാഹ് അൽ യഹ്യാണ് ഒമാന് വേണ്ടി വലകുലുക്കിയത്. ഇതോടെ ഉണർന്നു കളിച്ച സൗദി സമനിലക്കായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. ആദ്യ പകുതി അവാസാനിക്കുമ്പോൾ ഒമാന്റെ മേധാവിത്വമായിരുന്നു ഗ്രൗണ്ടിൽ കണ്ടിരുന്നത്.
രണ്ടാം പകുതിയിൽ നിർണായകമായ ചില മാറ്റങ്ങളിലൂടെ സൗദി കളത്തെ സജീവമാക്കി. മറ്റൊരു അട്ടിമറിയിലേക്കു മത്സരംപോകുകയാണെന്ന് തോന്നുന്നതിനിടെയാണ് 78ാം മിനിറ്റിൽ സമനില ഗോൾ പിറന്നത്. അബ്ദുൽറഹ്മാൻ ഗരീബായിരുന്നു സൗദിക്കുവേണ്ടി വലകുലുക്കിയത്. പിന്നാലെ വിജയ ഗോളിനായി പോരാടിയ സൗദി ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളിലാണ് ലക്ഷ്യം കണ്ടത്. അധികസമയത്തിന്റെ ആറാം മിനിറ്റിൽ അലി അബ്ദുലയ്ഹിയാണ് വിജയഗോൾ സ്വന്തമാക്കിയത്. ഓഫ്സൈഡ് മണത്തിരുന്നെങ്കിലും വി.എ.ആറിലൂടെ ഗോളെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ വിലപ്പെട്ട മൂന്നുപോയന്റ് സൗദി സ്വന്തമാക്കി. ഒമാന് ഇനിയുള്ള ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാലേ അടുത്ത റൗണ്ടിലേക്കു കടക്കാൻ സാധിക്കുകയുള്ളൂ. ഗ്രൂപ് എഫിൽ ഒമാന്റെ അടുത്ത മത്സരം ജനുവരി 21ന് തായ്ലൻഡിനെതിരെയാണ്. സൗദിയും തായ്ലൻഡുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം നടന്ന കളിയിൽ കിർഗിസ്ഥാനെ 2-0ത്തിനാണ് തായ്ലൻഡ് തോൽപിച്ചത്. അട്ടിമറിയൊന്നും നടന്നില്ലെങ്കിൽ താരതമ്യേന ദുർബലരായ കിർഗിസ്ഥാനെയും തായ്ലൻഡിനെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് ഒമാന് കടക്കാനാകുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.