ഏഷ്യൻ കപ്പ്:ഒമാന് സമനില കുരുക്ക്; പ്രീ ക്വാർട്ടർ പ്രവേശനം തുലാസിൽ
text_fieldsമസ്കത്ത്: ഏഷ്യൻ കപ്പിലെ നിർണായക മത്സരത്തിൽ ഒമാന് സമനില കുരുക്ക്. ദോഹയിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ തായ്ലൻഡാണ് ഗോൾരഹിതസമ നിലയിൽ റെഡ്വാരിയേഴ്സിനെ തളച്ചത്. ഇതോടെ പ്രീകോർട്ടറിലേക്ക് നേരിട്ട് കടക്കാമെന്ന ഒമാന്‍റെ പ്രതീക്ഷക്ക് മങ്ങലേറ്റു. പ്രീ ക്വർട്ടർ പ്രവേശനത്തിന് ഇനി രണ്ട് സാധ്യതകളാണ് ഒമാന് മുന്നിലുള്ളത്.
ഇതിൽ ഒന്നാമത്തേത് ജനുവരി 25ന് കിർഗിസ്ഥാനെതിരെ മികച്ച മാർജനിൽ ജയിക്കുകയും ഒപ്പം ഭാഗ്യവും തുണച്ചാൽ മികച്ച മൂന്നാംസ്ഥാനക്കാരായി കയറികൂടാം. എന്നാൽ, ആറു ഗ്രൂപ്പുകളിൽ നിന്ന് നാല് ടീമുകൾക്കെ ഈ അവസരം ലഭിക്കുകയൊള്ളു. കഴിഞ്ഞ ഏഷ്യൻ കപ്പിലും ഒമാൻ ഇപ്രകാരമായിരുന്നു പ്രീകോർട്ടറിൽ കയറിയിരുന്നത്. മറ്റൊരു സാധ്യത, തായ്ലൻഡിന്റെ അവസാന മത്സരം സൗദിക്കെതിരെയാണ്. ഇതിൽ തായ്ലൻഡ് തോൽക്കുകയും അവസാന മത്സരത്തിൽ കിർഗിസ്ഥാനെ ഒമാൻ വൻമാർജനിൽ പരാജയപ്പെടുത്തുകയും ചെയ്താൽ ഇരുടീമുകൾക്കു തുല്യപോയന്‍റാകും. ഗോൾശരാശരിയിൽ തായ്ലൻഡിനെ മറികടക്കുകയാണെങ്കിൽ ഒരുപക്ഷേ ഒമാന് രണ്ടാം സ്ഥാനക്കാരായി നേരിട്ട് കയറികൂടാനാകും.
സൗദിക്കെതിരെയുള്ള മത്സരത്തിലെന്നപോലെ തായ്ലൻഡിനെതിരെയും ആക്രമിച്ച് കളിക്കുക എന്ന തന്ത്രമായിരുന്നു ഒമാൻ സ്വീകരിച്ചിരുന്നത്. എന്നാൽ, ഫിനീഷിങ്ങിലെ പാളിച്ചകൾ തിരിച്ചടിയായി. ഇരു പകുതിയിലും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ലക്ഷ്യം കാണുന്നതിൽ ബ്രാങ്കോ ഇവോകോവിച്ചിന്‍റെ കുട്ടികൾ പരാജയപ്പടുകയായിരുന്നു. ഇടത് വലത് വിങ്ങുകളിലൂടെ ആക്രമണം കനപ്പിച്ചെങ്കിലും തായ്ലൻഡിന്റെ പ്രതിരോധകോട്ട പൊളിച്ച് മുന്നേറാൻ ഇരുപകുതിയിലും ഒമാന് മുന്നേറാനായില്ല. കളിയുടെ ഭൂരിഭാഗം സമയവും ഒമാനായിരുന്നു പന്ത് കൈവശപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.