അസ്ലമിനെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsസലാല: സലാലയിൽ നടന്ന വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ ചെങ്ങമനാട് സ്വദേശി കരിയംപള്ളി വീട്ടിൽ മുഹമ്മദ് അസ്ലമിനെ നാട്ടിലേക്ക് കൊണ്ടുപോയി. സ്ട്രക്ചറിൽ മെഡിക്കൽ അസിസ്റ്റൻസോടെ ഒമാൻ എയറിൽ മസ്കത്ത് വഴി ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ നെടുമ്പാശ്ശേരിയിലെത്തിക്കുക. തുടർന്ന് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ മൾട്ടി സ്െപഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കൈരളി സലാല മുൻൈകയെടുത്ത് രൂപവത്കരിച്ച അസ്ലം ചികിത്സാസഹായ കമ്മിറ്റിയാണ് നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വിവിധ സംഘടനകളും കച്ചവടക്കാരും മറ്റും അസ്ലം സഹായ സമിതിയുമായി സഹകരിച്ചിരുന്നു. ഏകദേശം നാലായിരം റിയാലോളമാണ് യാത്രക്ക് വേണ്ടിവന്നത്. സമാഹരിച്ച ബാക്കി തുക തുടർ ചികിത്സക്കായി ഉപയോഗിക്കും. സഹായ സമിതിയുമായി സഹകരിച്ച എല്ലാവരോടും കൺവീനർ പവിത്രൻ കാരായി നന്ദി അറിയിച്ചു.
ഫെബ്രുവരി 27ന് സുഹൃത്തുക്കളോടൊപ്പം മുഗ്സൈലിൽ പോയി തിരികെ വരുമ്പോൾ റെയ്സൂത്തിലായിരുന്നു അപകടം. രണ്ടുവരിപ്പാതയായ ഇവിടെ എതിരെ വന്ന വാഹനം ഇവർ സഞ്ചരിച്ചിരുന്ന ട്രാക്കിലേക്ക് കയറിയതിനെ തുടർന്ന് കൂട്ടിയിടി ഒഴിവാക്കാൻ ഡ്രൈവറായിരുന്ന വടകര സ്വദേശി രാജീവ് പെട്ടെന്ന് തിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ വിളക്കുകാലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്‍റെ പിൻസീറ്റിലായിരുന്ന അസ്ലമും കാളിദാസനും തെറിച്ചുവീണു. ഈ വീഴ്ചയിലാണ് ഇവർക്ക് പരിക്കേറ്റത്. ഇത്രയും നാൾ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ കോടമ്പാക്കം സ്വദേശി കാളിദാസനും പരിക്കേറ്റിരുന്നു.
സ്വകാര്യ ഹൈപ്പർമാർക്കറ്റ് കമ്പനിയിൽ ജീവനക്കാരനായ അസ്ലം വീട് താമസത്തിനായി നാട്ടിൽ പോകാനിരിക്കെയായിരുന്നു അപകടം നടന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. അസ്ലം ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായ ലോക കേരള സഭാംഗം എ.കെ. പവിത്രൻ, കെ.എ. റഹീം, ഗംഗാധരൻ അയ്യപ്പൻ, അംബുജാക്ഷൻ മയ്യിൽ, അസ്ലമിന്‍റെ സഹപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.