‘അസ്ന’ ദുർബലമായി; ആശ്വാസം
text_fieldsമസ്കത്ത്: അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി ദുർബലപ്പെട്ടതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്റെ സഞ്ചാരം. ഇത് അടുത്ത മണിക്കൂറുകളിൽ തെക്ക്/ തെക്കുപടിഞ്ഞാറ് ദിശയിൽ തെക്കൻ ശർഖിയ തീരത്ത് നിന്ന് അകന്ന് ന്യൂനമർദമായി ദുർബലമാകുമെന്നാണ് കരുതുന്നതെന്ന് അറിയിപ്പിൽ പറയുന്നു.
ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ രൂപപ്പെട്ട ഉയർന്ന തോതിലുള്ള മഴ മേഘങ്ങൾ തെക്കൻ ശർഖിയ, മസ്കത്ത്,വടക്കൻ ശർഖിയ ഗവർണറേറ്റുകളെ ബാധിച്ചേക്കും. കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നിലവിൽ അസ്നയുടെ വേഗം മണിക്കൂറിൽ 64മുതൽ 74 കിലോമീറ്ററാണ്. ഒമാൻ തീരത്തുനിന്ന് 240 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള മഴമേഘങ്ങൾ. കാറ്റിന് ഇനി ശക്തി വർധിക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, കാറ്റ് ദുർബലമായെങ്കിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തലസ്ഥാന നഗരിയായ മസ്കത്തിൽ ഞായറാഴ്ച രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കാറ്റിന്റെ ശക്തി കുറവായിരിക്കുമെങ്കിലും, ആവശ്യമായ മുന്നറിയിപ്പുകളെടുക്കണമെന്നും അധികൃതർ നിർദേശിച്ചു.. എല്ലാവരും കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.