ബലിപെരുന്നാൾ 16ന് സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞർ
text_fieldsമസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ദീർഘാവധി പ്രതീക്ഷിച്ച് സ്വദേശികളും വിദേശികളും. ബലിപെരുന്നാൾ ജൂൺ 16 നാകാനാണ് സാധ്യയെന്നാണ് ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ള ജ്യോതിശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. അങ്ങനെയാണെങ്കിൽ ജൂൺ 16 മുതൽ 20 വരെ പൊതു അവധി ലഭിച്ചേക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
ഇതിനു പുറമെ ജൂൺ 21, 22 ദിവസങ്ങളിൽ വാരന്ത്യ അവധി കൂടിയാണ്. മാത്രവുമല്ല പെരുന്നാൾ തുടങ്ങുന്നതും വാരന്ത്യ അവധിക്കുശേഷമാണ്. ഫലത്തിൽ ജൂൺ15 മുതൽ 22 വരെ ഒമ്പതു ദിവസത്തെ അവധി ലഭിച്ചേക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. ബലിപെരുന്നാൾ ജൂൺ 16 നായിരിക്കുമെന്ന് സൗദി ചന്ദ്രനിരീക്ഷണ സമിതിയിൽ അംഗമായ ഡോ ഖാലിദ് സാഖാണ് വിഡിയോ ടീറ്റിലൂടെ അറിയിച്ചിട്ടുള്ളത്. ഈ പ്രവചനം ശരിയാകാനുള്ള സാധ്യതയേറെയാണന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഒബ്സർവേറ്ററി മേധാവി അബ്ദുൽ വഹാബ് അൽ ബുസൈദിയും പറഞ്ഞു.
ദീർഘഅവധി മുന്നിൽകണ്ടു പലരും യൂറോപ്പിലേക്കും ഏഷ്യയിലെ വിനോദ സഞ്ചാര പ്രാധാന്യമുളള രാജ്യങ്ങളിലേക്കും മറ്റും ട്രിപ്പുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. മലയാളി പ്രവാസികളിൽ നല്ലൊരു ശതമാനവും നാടണയും. സ്കൂളുകൾ വേനലവധിക്കു പൂട്ടി തുടങ്ങുന്നതോടെ വരും ആഴ്ചകളിൽതന്നെ നാട്ടിലേക്കു തിരിക്കും. ഉയർന്ന ടിക്കറ്റിനു പുറമെ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് റദ്ദാക്കലും പല കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ചൂടുകാലമായതിനാൽ രാജ്യത്തുനിന്ന് പുറത്തേക്കുള്ള യാത്രകൾ വർധിക്കാൻ സാധ്യത ഏറെയാണെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. എന്നാൽ മറ്റു ജി.സി.സി രാജ്യങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള അവധിക്കാല ഒഴുക്കും കുറയും. അവധിക്കാലത്ത് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കാറുണ്ടെങ്കിലും ഉയർന്ന വിമാനനിരക്കു കാരണം ഇന്ത്യയിലേക്കുള്ള പെരുന്നാൾ അവധിക്കാല വിനോദ സഞ്ചാരികൾ പൊതുവെ കുറവാണ്. ഇന്ത്യയിലെ എല്ലാ സെക്ടറിലേക്കും വിമാനകമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒത്തു വന്നതിനാലാണ് നിരക്കുകളുയർത്തിയത്. ഇതു കാരണം ഒമാനി സ്വദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി വെക്കുന്നുണ്ട്. പെരുന്നാൾ അവധിക്ക് സലാല സന്ദർശിക്കാനും ചിലർ ആലോചിക്കുന്നുണ്ട്. ഖരീഫ് സീസണിനുമുമ്പുതന്നെ ന്യൂനമർദത്തിന്റെ ഭാഗമായി മഴ ലഭിച്ചതിനാൽ സുഗകരമായ കാലാവസ്ഥയാണ് ഇപ്പോൾ സലാലയിൽ അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.