എണ്ണ ടാങ്കറിന് നേരെ അറബിക്കടലിൽ ആക്രമണം: രണ്ടു പേർ മരിച്ചു
text_fieldsമസ്കത്ത്: ഇസ്രായേലി സ്ഥാപനവുമായി ബന്ധമുള്ള എണ്ണ ടാങ്കറിനു നേരെ അറബിക്കടലിൽ ആക്രമണം. എം.ടി മെർസർ സ്ട്രീറ്റ് എന്ന പേരുള്ള കപ്പലിനെതിരെ നടന്ന ആക്രമണത്തിൽ രണ്ട് കപ്പൽ ജീവനക്കാർ മരിച്ചു. ലൈബീരിയൻ പതാകയുള്ള കപ്പലിനുനേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. റുമേനിയൻ, ബ്രിട്ടീഷ് വംശജരാണ് മരിച്ചതെന്ന് കപ്പലിെൻറ ഓപറേറ്റർമാരായ സോഡിയാക്ക് മാരിടൈം അറിയിച്ചു. ബ്രിട്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈം കമ്പനി ഇസ്രായേലി ശതകോടീശ്വരനായ ഇയാൽ ഒഫാറിെൻറ ഉടമസ്ഥതയിലുള്ളതാണ്. കപ്പൽ റാഞ്ചാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ആക്രമണമെന്ന് സംശയിക്കുന്നതായി കമ്പനിയധികൃതർ ട്വിറ്ററിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു. ദാർ അൽ സലാമിൽ നിന്ന് ഫുജൈറയിലേക്ക് പോവുകയായിരുന്ന കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതാണ്. സംഭവ സമയം കപ്പലിൽ എണ്ണയുൽപന്നങ്ങൾ ഉണ്ടായിരുന്നില്ല.
യു.എസ്, ബ്രിട്ടീഷ് സേനാധികൃതരും ആക്രമണ വിവരം സ്ഥിരീകരിച്ചു. 'വൺ വേ-ഡ്രോൺ' ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് കരുതുന്നതായി യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
സംഭവം സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപറേഷൻസും അറിയിച്ചു. സംഭവശേഷം അമേരിക്കൻ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പൽ സുരക്ഷിത മേഖലയിലേക്ക് സഞ്ചരിച്ചത്.ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലുകൾക്ക് നേരെ ഗൾഫ് മേഖലയിൽ നേരത്തേയും ആക്രമണങ്ങൾ നടന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.