മനംമയക്കും ദോഫാർ; ഫോട്ടോഗ്രാഫർമാർക്കിത് സുവർണാവസരം
text_fieldsമസ്കത്ത്: ദോഫാറിന്റെ ശരത്കാല സൗന്ദര്യം പകർത്താൻ ഗവർണറേറ്റിലേക്ക് ഫോട്ടോഗ്രാഫർമാരുടെ ഒഴുക്ക്. മഴയും തണുപ്പും നിറഞ്ഞ ഖരീഫ് സീസണിന് തുടക്കമായപ്പോൾ മുതൽതന്നെ ദോഫാറിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
മിതമായ താപനിലയും മേഖാവൃതമായ അന്തരീക്ഷവും ഇടവേളകളിൽ പെയ്തിറങ്ങുന്ന മഴയും ഈ സീസണിന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി മലയോര പ്രദേശങ്ങളും സമതലങ്ങളും പച്ച പുതക്കും. ഇതാണ് ദോഫാർ ഗവർണറേറ്റിനെ ഒമാനിലെ അകത്തും പുറത്തുമുള്ള സഞ്ചാരികൾക്ക് പ്രിയമാക്കുന്നത്.
മൺസൂൺ കാലം വരുമ്പോൾ സജീവമാകുന്ന നീരുറവകളും വെള്ളച്ചാട്ടങ്ങളും ഗവർണറേറ്റിലെ പ്രധാന ആകർഷണങ്ങളാണ്. ഇവ ഗവർണറേറ്റിൽ വ്യാപകമായി കാണപ്പെടുന്നു.
ഐൻ റസാത്ത്, ഐൻ ഹംറാൻ, ഐൻ ഗെർസിസ്, ഐൻ ഷഹെൽനോത്ത്, തബ്രുക്ക് തുടങ്ങിയ നീരുറവകളിൽ ഈ കാലങ്ങളിൽ ജലനിരപ്പ് ഉയരും. അൽ-ഹൗത്ത, ദർബാത്ത്, ഐൻ അത്തൂം, ഐൻ കോർ, ജുജിബ് എന്നീ വെള്ളച്ചാട്ടങ്ങളാണ് സീസണിൽ ഏറ്റവും പ്രശസ്തമായത്.
കടൽത്തീരങ്ങൾ, മലനിരകൾ, കൃഷിയിടം, മരുഭൂമി എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ദോഫറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുരാവസ്തു, ചരിത്ര സ്ഥലങ്ങളും ഗവർണറേറ്റുകളിലുണ്ട്. ഇവിടുത്തെ സൗന്ദര്യം പകർത്താൻ കഴിയുന്നത് വ്യത്യസ്തമായ അനുഭവം തന്നെയാണെന്ന് ഇവിടെയെത്തുന്ന പല ഫോട്ടോഗ്രഫർമാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.