റമദാനിലെ കാർഷികോൽപന്നങ്ങളുടെ ലഭ്യത: മവേല സെൻട്രൽ മാർക്കറ്റിൽ പരിശോധനയുമായി ഉദ്യോഗസ്ഥ സംഘം
text_fieldsമസ്കത്ത്: മവേലയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. റമദാൻ കാർഷികോൽപന്നങ്ങളുടെ ലഭ്യത, വിലസ്ഥിരത, പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു പരിശോധനക്കായി എത്തിയിരുന്നത്.
കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.അഹമ്മദ് നാസർ അൽ ബക്രി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി ബിൻ സുലൈം അൽ ഹക്മാനി, മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ഒമാനി അഗ്രികൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.
റമദാനോടനുബന്ധിച്ച് മവേല സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റിന്റെ പ്രവൃത്തിസമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തവ്യാപാര കടകൾ പുലർച്ചെ നാല് മണി മുതൽ ഉച്ചക്ക് രണ്ടുമണിവരെയും റീട്ടെയിൽ ഷോപ്പുകളും പ്രാദേശിക ഉൽപന്ന വിൽപന ശാലകൾ പുലർച്ചെ നാലു മുതൽ വൈകിട്ട് ആറുവരെയും പ്രവർത്തിക്കും. മൊത്ത പച്ചക്കറി, പഴം വാഹനങ്ങൾക്കുള്ള പ്രവേശനം ഗേറ്റ് നമ്പർ ഒന്നിലൂടെ രാവിലെ നാല് മുതൽ രാത്രി 10 വരെ അനുവദിക്കും. ഗേറ്റ് നമ്പർ രണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് മണിവരെ എത്താവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.