ഭക്ഷ്യവസ്തുക്കളുടെ ലഭ്യത: സി.പി.എ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഭക്ഷ്യവസ്തുക്കളുടെയും സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വില നിരീക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ സമിതി (സി.പി.എ) വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി. സി.പി.എ ചെയർമാൻ സലിം ബിൻ അലി അൽ ഹക്മാനി അധ്യക്ഷതവഹിച്ചു. യോഗത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ വിതരണക്കാരുമായായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തെ കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തുമെന്നും എന്തെങ്കിലും ലംഘനമുണ്ടായാൽ, നിലവിലുള്ള നടപടിക്രമങ്ങൾക്കനുസൃതമായി വിതരണക്കാരനുമായി ബന്ധപ്പെടുമെന്നും ഹക്മാനി അറിയിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും വിലകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ മേഖലകളിലെ അതോറിറ്റിയുടെ ഡയറക്ടറേറ്റുകളിലും വകുപ്പുകളിലും പരിശോധന സംഘങ്ങളെ വർധിപ്പിച്ചിട്ടുണ്ട്. ഷോപ്പിങ്ങിനിടെ എന്തെങ്കിലും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾ ഉപഭോക്തൃ സംരക്ഷണ സമിതിയെ അറിയിക്കണമെന്നും ചെയർമാൻ പറഞ്ഞു.
നികുതി നിർദേശങ്ങളും വാറ്റ് അടക്കമുള്ളവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരിശോധന നടത്തും. ആശയക്കുഴപ്പമുണ്ടാക്കുന്നതും വഞ്ചിക്കുന്നതുമായ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ചൂഷണം ചെയ്യരുതെന്നും യോഗത്തിൽ സി.പി.എ ചെയർമാൻ ഊന്നിപ്പറഞ്ഞു.
റമദാന്‍റെ വരവോടെ ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വാങ്ങാൻ തിരക്ക് അനുഭവപ്പെടുമ്പോൾ അവശ്യസാധനങ്ങൾ വിപണിയിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ കുറിച്ച് വിതരണക്കാർ യോഗത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.