വ്യോമയാന സുരക്ഷ; ഒമാനെ അഭിനന്ദിച്ച് ഐ.സി.എ.ഒ ഉദ്യോഗസ്ഥർ
text_fieldsമസ്കത്ത്: ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) പ്രസിഡന്റ് സാൽവത്തോർ സിയാച്ചിറ്റാനോയും സെക്രട്ടറി ജനറൽ ജുവാൻ കാർലോസ് സലാസറും മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈയുമായി കൂടിക്കാഴ്ച നടത്തി. മസ്കത്തിൽ നടക്കുന്ന സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കോൺഫറൻസിലും ഉന്നതതല മന്ത്രിതല യോഗത്തിലും പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. വിവിധ ഐ.സി.എ.ഒ അംഗരാജ്യങ്ങളിൽ നിന്നുള്ള 600ലധികം ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
സയ്യിദ് ഫഹദ് അതിഥികളെ സ്വാഗതം ചെയ്യുകയും അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് സുരക്ഷ നൽകുന്നതിൽ ഐ.സി.എ.ഒയുടെ ക്രിയാത്മക പങ്കിന് ഒമാന്റെ സുൽത്താനേറ്റിന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. എയർ നാവിഗേഷൻ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും എല്ലാ രാജ്യങ്ങൾക്കും സേവനം നൽകുന്ന തരത്തിൽ സിവിൽ ഏവിയേഷൻ മേഖലയെ നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ഐ.സി.എ.ഒയുമായുള്ള ഒമാന്റെ പൂർണ സഹകരണം അദ്ദേഹം ഉറപ്പിച്ചു.
അന്താരാഷ്ട്ര സമ്മേളനത്തിന്റെ അജണ്ട, സിവിൽ ഏവിയേഷൻ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വ്യോമഗതാഗതത്തിന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എയർലൈനുകൾക്ക് പിന്തുണ നൽകുന്നതിനും വിമാനത്താവളങ്ങളിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിനുമുള്ള കാര്യങ്ങളും ചർച്ചയിൽ വന്നു.
ആഗോള കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന സുൽത്താനേറ്റിനേയും, പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതിൽ ഒമാന്റെ പങ്കിനേയും ഐ.സി.എ.ഒ ഉദ്യോഗസ്ഥകർ അഭിനന്ദിച്ചു. ആധുനിക വിമാനത്താവളങ്ങൾ നിർമിക്കുന്നതിലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏറ്റവും ഉയർന്ന സുരക്ഷ നൽകുന്നതിലും ഒമാൻ കൈവരിച്ച നേട്ടങ്ങളെ അവർ ശ്ലാഘിച്ചു. യോഗത്തിൽ ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മവാലി, സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നയീഫ് അലി അൽ അബ്രി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.