വ്യോമയാന മേഖല അതിവേഗം പ്രതാപത്തിലേക്ക്
text_fieldsമസ്കത്ത്: കോവിഡിനുശേഷം ഒമാന്റെ വ്യോമയാന മേഖല അതിവേഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ. നിലവിൽ 2019ലെ സാഹചര്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലയിലെ വിമാനത്താവള ഓപറേഷനുകൾ 70ശതമാനം പൂർവ സ്ഥിതിയിലായിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ മേഖല ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
വരും മാസങ്ങളിൽ കൂടുതൽ വിമാന സർവിസുകളും യാത്രക്കാരും ഉണ്ടാകുന്നതോടെ പഴയ പ്രതാപത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് നായിഫ് അൽ അബ്റി പറഞ്ഞു. ഒമാൻ വാർത്ത ഏജൻസിക്ക് നൽകിയ പത്രക്കുറിപ്പിലാണ് ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്.
വ്യോമയാന മേഖലയിൽ വിവിധ രാജ്യങ്ങളുമായി സഹകരണം വർധിപ്പിച്ചുകൊണ്ട് സാമ്പത്തിക, സാമൂഹിക, വിനോദസഞ്ചാര പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ വിജയം കൂടിയായാണ് മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. 2023ലെ ആദ്യ ആറുമാസത്തിൽ മാത്രം യാത്രക്കാരുടെ എണ്ണത്തിൽ 30.3ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് 19.8ലക്ഷം പേരാണ് ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്രചെയ്തത്.
അതേസമയം, കഴിഞ്ഞ വർഷം ഈ കാലയളവിൽ 8.42ലക്ഷം പേർ മാത്രമാണ് യാത്ര ചെയ്തിരുന്നത്. എയർക്രാഫ്റ്റ് ട്രാഫിക്കിലും വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞ മാസങ്ങളിൽ സാധിച്ചു. 28.4 ശതമാനമാണ് ഇക്കാര്യത്തിൽ വളർച്ച രേഖപ്പെടുത്തിയത്. ഈ വർഷം ജൂൺ വരെ വിമാനത്താവളങ്ങളിലെ വിമാന സർവിസുകളുടെ എണ്ണം 9784 ആണ്. 2022ലെ ഇതേ കാലയളവിൽ 7622 ആയിരുന്നതാണ് വലിയ അളവിൽ വർധിച്ചത്.
സ്ഥിരം വിമാന സർവിസുകൾ രൂപപ്പെടുത്തുന്നതിന് നിരവധി ഉഭയകക്ഷി കരാറുകളിൽ എത്തിച്ചേരാനും ഈ കാലയളവിൽ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് സാധിച്ചിട്ടുണ്ട്. ആറു മാസത്തിനിടെ ആകെ 122 കരാറുകൾ ഒപ്പുവെച്ചതിൽ 66 എണ്ണം മറ്റു രാജ്യങ്ങളുമായുള്ള ഓപൺ സ്കൈസ് ഡീലുകളാണ്. മൂന്ന് കരാറുകൾ സമീപ ദിവസങ്ങളിൽ തന്നെ ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണെന്നും അതോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്.
2022ൽ മാത്രം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം മുൻ വർഷത്തെ അപേക്ഷിച്ച് 87ശതമാനം വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്. 72 ദശലക്ഷം ഒമാനി റിയാലാണ് ഇതിലൂടെ വിമാനത്താവളം വരുമാനമായി കണ്ടെത്തിയത്. വരുമാനത്തിൽ മുൻവർഷത്തേക്കാൾ 58 ശതമാനം വർധനവാണുണ്ടായത്. എന്നാൽ, ചെലവുകളിൽ ഒരു ശതമാനത്തിന്റെ വർധന മാത്രമാണുണ്ടായത്. സുഹാർ, ദുഖം വിമാനത്താവളങ്ങളും വലിയ മുന്നേറ്റമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഈ വർഷം വരുംമാസങ്ങളിലും മേഖലയിൽ വളർച്ച രേഖപ്പെടുത്തുന്നതോടെ കോവിഡിന് മുമ്പുള്ള സാഹചര്യം പൂർണമായും തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.