നഗരത്തിന് ഉണർവ് നൽകാൻ പദ്ധതികളുമായി മസ്കത്ത് നഗരസഭ
text_fieldsമസ്കത്ത്: മസ്കത്ത് നഗരത്തിന് ഉണർവ് നൽകാൻ പുതിയ പദ്ധതികളുമായി മസ്കത്ത് നഗരസഭ. മസ്‌കറ്റിലെ റിയാം പ്രദേശത്ത് പർവത നടപ്പാത, തെരുവ് കച്ചവടക്കാർക്കായി പ്രത്യേക സ്ഥലമൊരുക്കൽ, ബൗഷർ വിലയാത്തിലെ അൽ-മിസ്ഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഉൾ ഭാഗങ്ങളിലേക്കുള്ള റോഡുകളുടെ നിർമാണം തുടങ്ങിയ പദ്ധതികളാണ് നഗരത്തിന് പുതുജീവനേകാൻ നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഇവക്ക് ടെൻഡർ നൽകിയതായി അധികൃതർ അറിയിച്ചു.
'നേരത്തെ മസ്കത്ത് മുനിസിപ്പാലിറ്റിസുവർണ ജൂബിലി നടപ്പാത പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സീബ് വിലായത്തിൽ 84,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് പദ്ധതി. മസ്‌കത്ത് ഗവർണറേറ്റ് വികസിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ഒരുങ്ങുന്നത്. വിനോദ ഘടകങ്ങൾ, പിക്നിക്കുകൾക്കും ശാരീരിക പ്രവർത്തനങ്ങൾക്കുമുള്ള മേഖലകൾ, സൈക്കിൾ പാത, മറ്റ് വിവിധ സേവനങ്ങൾ എന്നിവ ഉണ്ടാകും. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് പ്രകൃതിദത്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പദ്ധതിയിൽ 38,250 ചതുരശ്ര മീറ്ററിൽ ഹരിത ഇടങ്ങളും ഒരുക്കും.
ഈ വർഷത്തിന്റെ മധ്യത്തിൽ പദ്ധതിയുടെ ആദ്യ ഘട്ട പ്രവൾത്തനങ്ങൾക്ക് തുടക്കം കുറിച്ച് അടുത്ത വർഷം ഏപ്രിലിലോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഗോൾഡൻ ജൂബിലി വാക്കിൽ 1,972 മീറ്റർ നടപ്പാത, 1,972 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയിലുമുള്ള സൈക്കിൾ പാത, കായിക വിനോദത്തിനുള്ള ഉപകരണങ്ങൾ സജ്ജീകരിച്ച രണ്ട് സൈറ്റുകൾ, കുട്ടികളുടെ രണ്ട് കളിസ്ഥലങ്ങൾ, 140 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.