ടൂറിസം മേഖലക്ക് ഉണർവ്: പുത്തൻ പദ്ധതികളുമായി പൈതൃക, ടൂറിസം മന്ത്രാലയം
text_fieldsമസ്കത്ത്: കോവിഡിന്റെ പിടിയിലമർന്ന രാജ്യത്തെ ടൂറിസം മേഖലയിലേക്ക് ഉണർവ് പകരാൻ പുത്തൻ പദ്ധതികളുമായി പൈതൃക, ടൂറിസം മന്ത്രാലയം.
ദുബൈയിലെ അറേബ്യൻ ട്രാവൽ മാർട്ടിൽ (എ.ടി.എം) പങ്കെടുക്കുന്ന മന്ത്രാലയം, വിവിധ ഹോളിഡേ ഓപറേറ്റർമാരുമായും എയർലൈനുകളുമായും കരാറുകൾ ഒപ്പുവെക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ച് സുൽത്താനേറ്റിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
ഇതിലൂടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. സാഹസികത, ബിസിനസ്, ക്രൂയിസ് കപ്പലുകൾ, ചാർട്ടർ ഫ്ലൈറ്റുകൾ, ദോഫാറിലെ ഖരീഫ് സീസൺ തുടങ്ങി വിവിധ രീതികളിലൂടെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കാനാണ് അറേബ്യൻ ട്രാവൽ മാർട്ടിലൂടെ ശ്രമിക്കുന്നതെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം ബിൻ മുഹമ്മദ് അൽ ഗസാനി പറഞ്ഞു.
എമിറേറ്റ്സ് എയർലൈൻസ് ഹോളിഡേയ്സ്, ഖത്തർ എയർവേയ്സ് ഹോളിഡേയ്സ്, എയർ അറേബ്യ, ഓൺലൈനിലൂടെ യാത്ര ബുക്ക് ചെയ്യുന്ന കമ്പനികളുമായും കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും എ.ടി.എമ്മിൽ പങ്കെടുക്കുന്നുണ്ട്. സലാം എയറിന്റെ സേവനങ്ങൾ, വിമാനങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ എന്നിവ പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിൽ ലക്ഷ്യമിടുന്നതെന്ന് സെയിൽസ് മാനേജർ മാജിദ് അൽ ഖസാബി പറഞ്ഞു.
രാജ്യത്തെ ടൂറിസം സേവന ദാതാക്കളെ ആഗോള ട്രാവൽ, ടൂറിസം കമ്പനികളുമായി ബന്ധിപ്പിക്കുകയാണ് ഇലക്ട്രോണിക് റിസർവേഷനുകൾക്കായുള്ള ആദ്യ സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതെന്ന് നാഷനൽ ട്രാവൽ ഓപറേറ്റർ (വിസിറ്റ് ഒമാൻ) ഡയറക്ടർ ജനറൽ ഷബീബ് അൽ മമാരി പറഞ്ഞു.
ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന സലാല ടൂറിസം ഫെസ്റ്റിവലിന്റെ ആഘോഷ പരിപാടികൾ പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം രംഗം വീണ്ടെടുക്കുന്നതിൽ ജി.സി.സി രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ പങ്കുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. യു.എൻ ഏജൻസിയായ ലോക ടൂറിസം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ജി.സി.സി യാത്രക്കാർ ആഗോള ശരാശരിയേക്കാൾ 6.5 മടങ്ങാണ് ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.