വിനോദസഞ്ചാരത്തിൽ ഉണർവ്; ഒമാനിൽ വിദേശ യാത്രികരിൽ വർധന
text_fieldsമസ്കത്ത്: യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ജനുവരിയിൽ എത്തിയ യൂറോപ്യൻ സന്ദർശകരുടെ എണ്ണത്തിൽ 641.5 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്.
26,571 യൂറോപ്യൻ യത്രക്കാരാണ് ഈ വർഷം ജനുവരിയിൽ എത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം ഇക്കാലയളവിൽ 3,584 യൂറോപ്യൻ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 270.6 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ 1,497 പേരായിരുന്നു ഗൾഫ് മേഖലയിൽനിന്ന് എത്തിയിരുന്നതെങ്കിൽ ഈ വർഷമിത് 5,548 ആയി ഉയർന്നു. ഒമാൻ ഇതിനകം എല്ലാ രാജ്യങ്ങളിലെയും യാത്രക്കാർക്കായി അതിർത്തികൾ തുറന്നിട്ടുണ്ട്.
രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്കാണ് പ്രവേശനം അനുവദിച്ചത്. അതേസമയം, വാക്സിനെടുക്കാൻ വല്ല ആരോഗ്യ പ്രശ്നങ്ങളുമുണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇളവു നൽകുന്നതായിരിക്കും. സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഹോട്ടൽ വരുമാനത്തിലും ഉയർച്ചയുണ്ട്. ഈ വർഷം ജനുവരിയിൽ ഹോട്ടലുകളുടെ (3-5 സ്റ്റാർ) മൊത്തം വരുമാനത്തിൽ 91.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 12.264 ദശലക്ഷം റിയാലാണ് നേടിയത്. അതേസമയം, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഹോട്ടൽ അതിഥികളുടെ എണ്ണത്തിൽ നേരിയ ഇടിവാണ് വന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 9,531 ഏഷ്യക്കാർ ഹോട്ടൽ അതിഥികളായിരുന്നെങ്കിൽ ഇപ്രാവശ്യമത് 9,223 ആയി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 3.2 ശതമാനത്തിന്റെ കുറവാണ് വന്നത്. കോവിഡിനെ തുടർന്ന് ലോകത്ത് യാത്രക്കും വിനോദസഞ്ചാരത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ലോകത്തുള്ള എല്ലായിടത്തുമെന്നപോലെ ഒമാനിലെയും ഹോട്ടൽ വരുമാനത്തെ ബാധിക്കുകയുണ്ടായി.
എന്നാൽ, യാത്രനിയന്ത്രണത്തിൽ ഇളവ് വന്നതോടെ ടൂറിസം മേഖലയിൽ പുത്തനുണർവ് പകരാൻ മന്ത്രാലയം പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ ആളുകളെ എത്തിക്കുക എന്നതിനേക്കാൾ പ്രീമിയം യാത്രക്കാരെ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്.
ഇതിനായി നിരവധി ഓഫറുകളും പ്രോത്സാഹനങ്ങളും നൽകി അന്താരാഷ്ട്ര യാത്രക്കാരെ സ്വാഗതം ചെയ്യാൻ ടൂറിസം മന്ത്രാലയം ഒരുങ്ങുകയാണ്. ഒമാനിലെ വിപണികളിൽ കൂടുതൽ പണം ചെലവാക്കാൻ കഴിവുള്ള യാത്രക്കാരെയാണ് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിന്റെ ടൂറിസം രംഗത്തെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ് കരുതുന്നത്. ഈ വർഷം ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് 2,50,000 ആയി ഉയരുമെന്നാണ് പല അന്താരാഷ്ട്ര ഏജൻസികളും പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.