മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബോധവത്കരണ കാമ്പയിനിന്റെ രണ്ടാം പതിപ്പിന് തുടക്കം
text_fieldsമസ്കത്ത്: മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി (എൻ.സി.സി.എച്ച്.ടി) ദേശീയ അവബോധ കാമ്പയിന്റെ ‘ഇൻസാൻ’ (മനുഷ്യൻ) രണ്ടാം പതിപ്പിന് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചു. മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്താരാഷ്ട്ര കരാറുകളും രൂപപ്പെടുത്തുകയും സുൽത്താനേറ്റിന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഒക്ടോബർ 30 വരെ രണ്ടുമാസമാണ് കാമ്പയിൻ നടക്കുക. ഡിപ്ലോമാറ്റിക് ക്ലബിൽ നടന്ന ചടങ്ങിലാണ് കാമ്പയിന് തുടക്കമായത്.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള പ്രേക്ഷകരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അറബി, ഇംഗ്ലീഷ്, ഉർദു, ബംഗാളി, ഫിലിപ്പിനോ തുടങ്ങിയ ഭാഷകളിൽ പൊതുജന ബോധവത്കരണ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കും. സാമൂഹിക പരിപാടികൾ, പ്രവർത്തനങ്ങൾ, പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, ഫീച്ചറുകൾ, പ്രസ് റിലീസുകൾ, ടി.വി, റേഡിയോ അഭിമുഖങ്ങൾ എന്നിവയും സംഘടിപ്പിക്കും. ഇതിനുപുറമെ തെരുവ് ബിൽബോർഡുകൾ, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, സലാല എയർപോർട്ട് എന്നിവിടങ്ങളിലെ ഡിജിറ്റൽ സ്ക്രീനുകൾ, വെബ്സൈറ്റുകൾ, പ്ലാറ്റ്ഫോമുകൾ, സോഷ്യൽ നെറ്റ്വർക്കുകൾ എന്നിവയിലൂടെ സന്ദേശങ്ങളും നൽകും. മനുഷ്യക്കടത്ത് ചെറുക്കുന്നതിൽ ഒമാൻ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറിയും എൻ.സി.സി.എച്ച്.ടി ചെയർമാനുമായ ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തി പറഞ്ഞു. മാനുഷിക തത്ത്വങ്ങളും മൂല്യങ്ങളും മനുഷ്യാവകാശങ്ങളെ തടസ്സപ്പെടുത്തുകയും മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ കുറ്റകൃത്യത്തെ അഭിസംബോധന ചെയ്യുന്നതിൽ സമൂഹത്തിന് വളരെയധികം പങ്കുണ്ട്. ഇത് മനസ്സിലാക്കിയാണ് സാമൂഹിക അവബോധത്തിൽ ഒമാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അൽ ഹാർതി കൂട്ടിച്ചേർത്തു. ആദ്യപടിയായി, ഒമാൻ എൻ.സി.സി.എച്ച്.ടി വെബ്സൈറ്റ് സ്ഥാപിച്ചു. ഇത് മനുഷ്യക്കടത്ത് ഇരകളെ തിരിച്ചറിയുന്നതിനുള്ള നിയമങ്ങളുടെയും നടപടികളുടെയും സമഗ്രമായ വിവരണം, മനുഷ്യക്കടത്ത് കേസുകൾ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്ന രീതി, 14 അന്താരാഷ്ട്ര ഭാഷകളിലൂടെ സഹായം തേടാനുള്ള വഴികൾ എന്നിവ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.