ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത് 11,262 പേർ
text_fieldsമസ്കത്ത്: ബോധവത്കരണത്തിന്റെ ഫലമായി രാജ്യത്ത് അവയവദാനവും മാറ്റിവെക്കലും വർധിച്ചു. 2023ൽ 17 വൃക്ക മാറ്റിവെക്കൽ വിജയകരമായി പൂർത്തിയാക്കി. കോർണിയൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിന്റെ പുനരുജ്ജീവിപ്പിക്കുകയും മരണാനന്തര അവയവദാനത്തിനായുള്ള രജിസ്ട്രേഷനും ഗണ്യമായി ഉയർത്താനും സാധിച്ചു.
മരണാനന്തര അവയവദാനത്തിനായുള്ള ശിഫ ആപ്പിലെ രജിസ്ട്രേഷനിൽ 11,262 ആയി ഉയർന്നു. ഡിസംബർ 19നു ഒമാനി അവയവദാന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ജീവൻ രക്ഷിക്കുന്നതിലും അവയവദാനത്തിനുമുള്ള വളരുന്ന പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഇക്കാര്യങ്ങളെന്ന് നാഷനൽ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാം ഡയറക്ടർ ഡോ അഹമ്മദ് ബിൻ സഈദ് അൽ ബുസൈദി പറഞ്ഞു.
അവയവദാനത്തെ ജനകീയമാക്കുന്നതിൽ സാമൂഹിക അവബോധത്തിനു വളരെ അധികം പ്രധാന്യമുണ്ട്. സുൽത്താനേറ്റിൽ ഏകദേശം 2,500 വൃക്കരോഗികളാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്. പൊരുത്തമുള്ള ദാതാക്കൾ അവരുടെ വൃക്കയുടെ ഒരു ഭാഗം നൽകാൻ തയാറായാൽ ഈ രോഗികളുടെ കഷ്ടപ്പാടുകൾ കുറക്കാൻ സഹായകമാകുമെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അവയവ ദാനത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വർധിച്ചുവരുന്നുണ്ട്.
മരണാനന്തര അവയവദാനത്തിനായി ഷിഫ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നവർ കൂടിക്കൊണ്ടിരിക്കുകയാണ്, ഇതു നല്ലൊരടയാളമാണ്.
മെഡിക്കൽ സ്റ്റാഫുകൾക്കു പരിശീലനംനൽകി അവയവദാനവും മാറ്റിവെക്കലും വികസിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ദാതാക്കളുടെയും സ്വീകർത്താക്കളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങളും നൈതിക മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനു മന്ത്രാലയം പ്രവർത്തിക്കുണ്ട്.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അനുഗ്രഹാശിസ്സുകളോടെ അവയവം മാറ്റിവെക്കലിനുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണമേഖലയിൽ ഗുണപരമായ കുതിച്ചുചാട്ടമുണ്ടാക്കും. ഒരു ഡേറ്റാബേസ് സജ്ജീകരിക്കാനും അവയവദാനത്തിലും മാറ്റിവെക്കലിലുമുള്ള വെല്ലുവിളികൾ നേരിടാനും ഒമാനെ സഹായിക്കും.
79/2018 മന്ത്രിതല പ്രമേയത്തിലൂടെ രാജ്യത്തു അവയവദാന പ്രക്രിയക്കു നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദാതാവ് പ്രായപൂർത്തിയായ വ്യക്തിയും സ്വീകർത്താവിന്റെ ബന്ധുവും ആയിരിക്കണമെന്ന് ആർട്ടിക്ക്ൾ നാല് വ്യവസ്ഥ ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളിൽ, ബന്ധുവല്ലാത്ത ഒരാൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ അവയവങ്ങൾ ദാനം ചെയ്യാം.
വിൽപത്രത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ മരണത്തിനു ശേഷം അവയവങ്ങൾ ദാനം ചെയ്യാമെന്ന് ആർട്ടിക്ക്ൾ പത്ത് പറയുന്നു. മസ്തിഷ്ക മരണം സംഭവിച്ചാൽ ഒരു മനുഷ്യന്റെ അവയവമോ ടിഷ്യോ അവന്റെ രക്ഷാധികാരിയുടെ സമ്മതത്തോടെ ദാനം ചെയ്യാവുന്നതാണെന്ന് ആർട്ടിക്ക്ൾ 11 വ്യവസ്ഥ ചെയ്യുന്നു.
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തെ ബോധവത്കരിക്കുന്നതിന് സുപ്രധാന പങ്കാണ് ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വഹിക്കുന്നത്. സെമിനാറുകളും പ്രായോഗിക കോൺഫറൻസുകളും നടത്തി മെഡിക്കൽ ജീവനക്കാർക്കും സംഭാവനകൾ നൽകിവരുന്നുണ്ട്.
ശിഫ ആപ് വഴി അവയവങ്ങൾ ദാനം ചെയ്യാൻ പൗരന്മാരും താമസക്കാരും തയാറാകണമെന്നു നേരത്തെതന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.ജീവിതശൈലീ രോഗങ്ങളായ ഉയർന്ന രക്തസമ്മർദം, പ്രമേഹം, പൊണ്ണത്തടി, ജന്മന ഉണ്ടാകുന്ന തകരാറുകൾ എന്നിവ മൂലം ഒമാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അവയവങ്ങളുടെ തകരാർ അനുഭവിക്കുന്ന രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.