ആയുർവേദ ദിനം ആഘോഷിച്ച് മസ്കത്ത് ഇന്ത്യൻ എംബസി
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ആയുർവേദ ദിനം ആഘോഷിച്ചു. ആയുർവേദ തത്ത്വങ്ങളും സമ്പന്നമായ പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. ആയുർവേദത്തിലൂടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഉണ്ടാകുന്നു ഗുണഫലങ്ങുളും വിശദീകരിച്ചു.
ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ, ഒമാനി പൗരന്മാർ, ഒമാനിലെ ആയുർവേദ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ആയുർവേദം സമഗ്രമായ ക്ഷേമത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധയുടെ തെളിവാണെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു.
ഒമാനിലെ വർധിച്ചുവരുന്ന ജനപ്രീതി ആയുർവേദത്തിന്റെ നേട്ടങ്ങളുടെ അംഗീകാരത്തെ എടുത്തുകാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദത്ത പരിഹാരങ്ങൾ, ഭക്ഷണക്രമം, ജീവിതശൈലി തെരഞ്ഞെടുപ്പുകൾ എന്നിവയിലൂടെ ആരോഗ്യത്തോടുള്ള ആയുർവേദത്തിന്റെ ശാസ്ത്രീയ സമീപനത്തെക്കുറിച്ച് ആയുർവേദ മേഖലയിലെ വിദഗ്ധനായ ഡോ. പ്രതാപ് ചൗഹാൻ വിശദീകരിച്ചു.
അൽ മനാർ, കോയമ്പത്തൂർ ആയുർവേദിക് സെന്റർ, കോട്ടക്കൽ ആയുർവേദിക് സെന്റർ, സഹം ആയുർവേദ മസ്കത്ത്, ശ്രീ ശ്രീ തത്ത്വ പഞ്ചകർമ, മസ്കത്ത് ഫാർമസി തുടങ്ങി ഒമാനിലെ നിരവധി ആയുർവേദ കേന്ദ്രങ്ങൾ സേവനങ്ങൾ പ്രദർശിപ്പിച്ച് സ്റ്റാളുകൾ ഒരുക്കിയിരുന്നു. പങ്കെടുക്കുന്നവർക്ക് പ്രാക്ടീഷണർമാരുമായി സംവദിക്കാനും ലഭ്യമായ ചികിത്സകളെക്കുറിച്ച് അറിയാനും അവസരമുണ്ടായിരുന്നു.
ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ വിദ്യാർഥികൾ ആയുർവേദ വിഷയങ്ങൾ പര്യവേക്ഷണം ചെയ്യുന്ന സ്കിറ്റും സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. 35ലധികം ആയുർവേദ കേന്ദ്രങ്ങളാണ് ഒമാനിലുള്ളത്. ഒമാനി പൗരന്മാർക്കിടയിൽ ആരോഗ്യ പരിപാലന സംവിധാനത്തിലെ വർധിച്ചുവരുന്ന വിശ്വാസം വ്യക്തമാക്കുന്നതാണിത്. സ്പോർട്സ് മെഡിസിൻ പോലുള്ള പ്രത്യേക മേഖലകളിൽ ആയുർവേദം പ്രാധാന്യം നേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.