ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് 20ാം വാർഷികം
text_fieldsമസ്കത്ത്: ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് 20ാം വാർഷിക സമാപനം ആഘോഷിച്ചു. മസ്കത്ത് ഖുറമിലെ സിറ്റി ആംഫി തിയറ്ററിലായിരുന്നു പരിപാടി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ആരോഗ്യ മന്ത്രാലയം പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ ഡോ. ഇ ഷൂറ, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്, ഇന്ത്യ, ബഹ്റൈൻ, ബംഗ്ലാദേശ്, നേപ്പാൾ, താൻസനിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാർ, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
അഹമ്മദ് ബിൻ മുഹമ്മദ് അൽ വഹൈബിയുടെ വിശുദ്ധ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഒമാനി ഗായകൻ ഹൈതം റാഫി തന്റെ ആലാപനത്തിലൂടെ കാണികളെ രസിപ്പിച്ചു. ബദർ അൽ സമ ഗ്രൂപ് എക്സി.ഡയറക്ടർ മൊയ്തീൻ കുഞ്ഞി ബിലാൽ സ്വാഗതപ്രസംഗം നടത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിനും പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ബദർ അൽ സമയുടെ 20 വർഷത്തെ മികച്ച സംഭാവന വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് എടുത്തു പറഞ്ഞു. ബദർ അൽ സമയുടെ കേന്ദ്രങ്ങൾ തുടർച്ചയായി പരിചരണത്തിന്റെ നിലവാരം ഉയർത്തുകയും അന്താരാഷ്ട്ര അക്രഡിറ്റേഷൻ പ്രോഗ്രാമുകൾ സ്വീകരിക്കുകയും ചെയ്യുന്നത് ശ്രദ്ധേയമാണെന്ന് ഡി.ജി.പി.എച്ച്.ഇ ഡയറക്ടർ ജനറൽ ഡോ. മുഹന ബിൻ നാസർ അൽ മുസലാഹി പറഞ്ഞു.20 വർഷത്തിനുള്ളിൽ 13 ശാഖകളുള്ള ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പായി തങ്ങൾ വളർന്നുവെന്നു ഡോ. പി.എ. മുഹമ്മദ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യയുടെയും ഒമാനികളുടെയും ആരോഗ്യ സംരക്ഷണ പങ്കാളിത്തത്തേക്കാൾ മികച്ചതൊന്നും ഇന്ത്യ ഒമാൻ സൗഹൃദത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി അമിത് നാരംഗ് പറഞ്ഞു. ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പായി മാറുന്നതിനും വിജയകരമായ 20 വർഷത്തെ നാഴികക്കല്ല് കൈവരിക്കുന്നതിനുമുള്ള യാത്ര തുടരുന്നത് അഭിമാനകരമാണെന്ന് ബദർ അൽ സമ ഗ്രൂപ് എക്സി.ഡയറക്ടർ ഫിറാസത്ത് ഹസ്സൻ പറഞ്ഞു. ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, വിശിഷ്ടാതിഥികളായ ഡോ. മുഹന ബിൻ നാസർ അൽ മുസലാഹി, ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് എന്നിവർക്ക് മെമന്റോകൾ സമ്മാനിച്ചു. വിനോദ കലാകാരന്മാരുടെ സംഘത്തെ നാദിർഷാ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.