ബദർ അൽ സമാ ആശുപത്രികൾക്ക് എ.സി.എച്ച്.എസ്.ഐ അംഗീകാരം
text_fieldsമസ്കത്ത്: ബദർ അൽ സമായുടെ നാല് ആശുപത്രികൾക്ക് ആസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേഡ്സ് (എ.സി.എച്ച്.എസ്.ഐ) അംഗീകാരം ലഭിച്ചു. ബർക്ക, സുഹാർ, സലാല, നിസ്വ എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾക്കാണ് അവാർഡ് ലഭിച്ചത്. പരിചരണത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരത്തെക്കുറിച്ച് വിശകലനം നടത്തന്നവരാണിത്. ഗുണനിലവാരം, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മൂല്യനിർണയ പ്രക്രിയയാണിതെന്ന് ആശുപത്രി മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. നാല് ആശുപത്രികൾക്കും എ.സി.എച്ച്.എസ്.ഐ അംഗീകാരം ലഭിച്ചത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ബദർ അൽ സമ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. ഡോക്ടർമാരും പാരാമെഡിക്കലുകളും അനുബന്ധ സേവന ജീവനക്കാരും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. മികച്ച ഗുണനിലവാരത്തോടെയുള്ള സേവനത്തോടൊപ്പം സാധാരണക്കാർക്ക് താങ്ങാവുന്ന ചാർജാണ് സ്ഥാപനങ്ങളിൽ ഈടാക്കുന്നതെന്നും ഇരുവരും പറഞ്ഞു.
ബർക്കയിൽ ഷംനാദ് അമൻ, സുഹാറിൽ മനോജ് കുമാർ, സലാലയിൽ അബ്ദുൽ അസീസ്, നിസ്വയിൽ മനീഷ് രാഘവൻ എന്നീ ബ്രാഞ്ച് മേധാവികളാണ് അക്രഡിറ്റേഷന്റെ വിലയിരുത്തൽ പ്രക്രിയക്ക് നേതൃത്വം നൽകിയത്. മെഡിക്കൽ ഡയറക്ടർ, നഴ്സിങ് ഡയറക്ടർ, ക്വാളിറ്റി അഷ്വറൻസ്, അഡ്മിനിസ്ട്രേറ്റിവ് ടീം എന്നിവർ മികച്ച പിന്തുണയും നൽകി. ബദർ അൽ സമ മികച്ച പ്രവർത്തനങ്ങളിലൂടെ വിവിധ സംഘടനകളിൽനിന്നും ഹെൽത്ത് കെയർ അക്രഡിറ്റേഷൻ ബോഡികളിൽനിന്നും പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിലേക്ക് ചേർത്തുവെച്ച് പറയാവുന്നതാണ് ഈ പുരസ്കാരമെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസറും എ.സി.എച്ച്.എസ്.ഐ ക്വാളിറ്റി അക്രഡിറ്റേഷൻ പ്രോസസ് മേധാവിയുമായ ജേക്കബ് ഉമ്മൻ പറഞ്ഞു. ഈ പുരസ്കാരങ്ങൾക്കുപുറമെ ബദർ അൽ സമയുടെ രണ്ട് ഹോസ്പിറ്റലുകൾ ജോയന്റ് കമീഷൻ ഇന്റർനാഷനൽ (ജെ.സി.ഐ) അംഗീകൃതമാണ്. ഒമാനിലെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിൽ ഏറ്റവും കൂടുതൽ അക്രഡിറ്റേഷനുകളുള്ള സ്ഥാപനമായി ബദർ അൽ സമ മാറുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.ടി. സമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.