ബദർ അൽ സമ ഇരുപതാം വർഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsമസ്കത്ത്: ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുകളുടെ 20ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ജെ.സി.ഐ(യു.എസ്.എ), എ.സി.എച്ച്.എസ്.ഐ (ആസ്ട്രേലിയ) തുടങ്ങിയ അന്താരാഷ്ട്ര അക്രഡിറ്റേഷനുകൾ ഇക്കാലയളവിൽ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുകൾ നേടിയിട്ടുണ്ട് . 20-ാം വർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
അടുത്തിടെ എ.സി.എച്ച്.എസ്.ഐ അക്രഡിറ്റേഷൻ നേടിയ ബർക, നിസ്വ, സുഹാർ, സലാല എന്നിവിടങ്ങളിലെ ബദർ അൽ സമയുടെ ഹോസ്പിറ്റലുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി മുഖ്യാതിഥിയായി. 20-ാം വാർഷിക ആഘോഷങ്ങളും നാല് ആശുപത്രികൾക്ക് എ.സി.എച്ച്.എസ്.ഐ അക്രഡിറ്റേഷൻ നേടാൻ കഴിഞ്ഞു എന്നുള്ളതും സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് സ്വകാര്യമേഖലയിൽ നിന്നുണ്ടായ പിന്തുണക്ക് ആരോഗ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. മൂല്യവത്തായ മാനുഷിക സേവനങ്ങൾ നൽകി 20ാം വാർഷികം ആഘോഷിക്കുന്ന ബദർ അൽ സമ മാനേജ്മെന്റിനെയും സ്റ്റാഫിനെയും വിശിഷ്ടാതിഥിയായ ശശി തരൂർ എം.പി. അഭിനന്ദിച്ചു.
അർപ്പണ ബോധമുള്ളവരും നിസ്വാർഥരുമായ തൊഴിലാളികൾ, ആരോഗ്യമന്ത്രാലയം തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും ഒപ്പം സ്ഥാപനം നൽകുന്ന സേവനങ്ങളിൽ രോഗികളുടെ വിശ്വാസവുമാണ് ബദർ അൽ സമയുടെ വിജയത്തിന് നിദാനമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽലത്തീഫ് പറഞ്ഞു.
'വിശ്വാസവും കരുതലും' എന്ന പ്രമേയത്തിലാണ് ഇരുപതാം വാർഷികം ആഘോഷിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ് അറിയിച്ചു. സമീപ ഭാവിയിൽ ഐ.വി.എഫ്, ഒഫ്താൽമോളജി, ഓങ്കോളജി എന്നിവക്കായുള്ള സൂപ്പർ സ്പെഷലൈസ്ഡ് സെന്ററുകളുൾപ്പെടെ വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2002ൽ ഒമാനിലെ ഒരു പോളിക്ലിനിക്കിൽനിന്ന് യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാൻ ബദർ അൽ സമയെ സഹായിച്ചത് ജനങ്ങളുടെ വിശ്വാസമാണെന്ന് ബദർ അൽ സമ എക്സി. ഡയറക്ടർ മൊയ്തീൻ ബിലാൽ പറഞ്ഞു. ആത്മാർഥതയോടെ പ്രവർത്തിക്കുന്ന ജീവനക്കാരാണ് തങ്ങളുടെ എറ്റവും വലിയ സമ്പാദ്യമെന്ന് ബദർ അൽ സമയുടെ എക്സി.ഡയറക്ടർ ഫിറാസത്ത് ഹസ്സൻ പറഞ്ഞു.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, ഒമാനിലെ സൗദി അറേബ്യ അംബാസഡർ അബ്ദുല്ല ബിൻ സൗദ് അലനാസി, ഡയറക്ടർ ജനറൽ -ഡി.ജി.പി.എച്ച്.ഇ ഡോ. മുഹന്ന ബിൻ നാസിർ അൽ-മുസ്ലാഹി, എക്സി. ഡയറക്ടർമാർ, ബദർ അൽ സമ ഗ്രൂപ്പിന്റെ മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ, സ്റ്റാഫുകൾ, മാധ്യമ പ്രവർത്തകർ, നിരവധി സാമൂഹിക സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ വാർഷികാഘോഷ ചടങ്ങിൽ സംബന്ധിച്ചു. ചീഫ് മാർക്കറ്റിങ് ഓഫിസർ കെ.ഒ. ദേവസി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.