അവശത വഴിമാറി; കായിക പരിപാടിയിൽ ആവേശമായി വയോജനങ്ങൾ
text_fieldsമസ്കത്ത്: ദഖിലിയ ഗവർണറേറ്റിലെ സാംസ്കാരിക, കായിക, യുവജന വകുപ്പ് ബഹ്ല ക്ലബിൽ വയോജനങ്ങൾക്കായി വിനോദ കായിക പരിപാടി സംഘടിപ്പിച്ചു. വേനൽക്കാല പരിപാടികൾക്കായുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്. ബഹ്ല ക്ലബ്, അൽ ദഖിലിയ ഗവർണറേറ്റിലെ ഇഹ്സാൻ അസോസിയേഷന്റെ ശാഖ, നിസ്വ ഹെൽത്തി സിറ്റി പ്രോജക്ട് എന്നിവയുടെ സഹകരണത്തോടെയാണ് കായിക ദിനം സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 60 വയോധികരായ സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു. നിസ്വ ഹെൽത്തി സിറ്റി പ്രോജക്ടിലെ നഴ്സുമാർ നടത്തിയ വൈദ്യപരിശോധനയോടെയാണ് കായിക പരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായുള്ള വേനൽക്കാല പ്രവർത്തനങ്ങൾക്കും പരിപാടികൾക്കുമായുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രായമായവർക്കുള്ള കായിക ദിനം സംഘടിപ്പിച്ചതെന്ന് ദാഖിലിയ ഗവർണറേറ്റിലെ സാംസ്കാരിക, കായിക, യുവജന വകുപ്പിലെ സ്പോർട്സ് പ്രോഗ്രാം കോഓഡിനേറ്റർ മോസ ബിൻത് നാസർ ബിൻ സഈദ് അൽ സിബാനിയ പറഞ്ഞു. ശാരീരിക പ്രവർത്തനങ്ങൾ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ രക്തസമ്മർദം, ഭാരം പരിശോധന, പഞ്ചസാരയുടെ അളവുകൾ എന്നിവ പരിശോധിച്ചതായി നിസ്വ ഹെൽത്തി സിറ്റി പ്രോജക്ടിലെ നഴ്സായ തഹാനി ബിൻത് നബാൻ അൽ അസ്വാനിയ പറഞ്ഞു. വലിയ ആഹ്ലാദത്തോടെയായിരുന്നു ആളുകൾ പരിപാടിയിൽ സംബന്ധിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.