ആകാശസ്വപ്നങ്ങളിലേക്ക് ചുവടുറപ്പിച്ച് ഒമാൻ
text_fieldsമസ്കത്ത്: ബഹിരാകാശ ദൗത്യ സ്വപ്നസാക്ഷാത്കാരത്തിലേക്ക് ഒരു ചുവടുകൂടി ഒമാൻ അടുത്തു. ഒമാന്റെ ആദ്യ ഉപഗ്രഹമായ 'അമാൻ' വിക്ഷേപണ പേടകമായ ലോഞ്ചർ വൺ റോക്കറ്റുമായി വിജയകരമായി സംയോജിപ്പിച്ചു.
ബഹിരാകാശ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്. ഈ വർഷം അവസാനത്തോടെ യു.കെ കോൺവാളിൽ ന്യൂക്വേയിലെ ലോ എർത്ത് ഓർബിറ്റിൽനിന്നാണ് അമൻ വിക്ഷേപിക്കുക. ഒമാൻ സാങ്കേതികവിദ്യ കമ്പനിയായ ഇ.ടി.സി.ഒ, അമേരിക്കൻ കമ്പനിയായ വെർജിൻ ഓർബിറ്റ് എന്നിവരാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നത്. സാറ്റ്റെവ് എന്ന പോളിഷ് കമ്പനിയാണ് ഉപഗ്രഹം നിർമിച്ചത്. ദിവസങ്ങൾക്കുമുമ്പ് ഉപഗ്രഹം ലോഞ്ച് ഡിസ്പെൻസറിൽ സ്ഥാപിക്കുകയും സൂക്ഷമമായ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.
പേടകം ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലാണ് ഉപഗ്രഹ സംയോജനം. രാജ്യത്തിന്റെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് പ്രോത്സാഹജനകമാണെന്ന് ഇ.ടി.സി.ഒ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അബ്ദുൽ അസീസ് ജാഫർ പറഞ്ഞു.
ആസൂത്രണം ചെയ്തതുപോലെ സംയോജനം നടന്നു. അത് സമ്പൂർണ വിജയമായിരുന്നുവെന്ന് സാറ്റ്റെവ് സി.ഇ.ഒ ഗ്രെഗോർസ് സ്വൊലിൻസ്കി പറഞ്ഞു. കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ വിക്ഷേപണ സമയത്തുള്ള എല്ലാ അപകടസാധ്യതകളും കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാന്റെ ബഹിരാകാശ പദ്ധതി, ശാസ്ത്രീയ ഗവേഷണത്തിനും ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താനും പ്രാപ്തമാക്കും. ഇത്തരം ചിത്രങ്ങൾ പിന്നീട് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും. വിഷൻ 2040ന്റെ ഭാഗമായാണ് ഇത്തരം സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നത്. പുതുതലമുറക്ക് ബഹിരാകാശ മേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ് ഒമാൻ ബഹിരാകാശ പദ്ധതി. ദേശീയതലത്തിൽ നൈപുണ്യം വളർത്തുന്നതിനും പദ്ധതി സഹായിക്കും. ബഹിരാകാശ സംബന്ധമായ മേഖലയിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകാനും ഉപഗ്രഹ വിക്ഷേപണം സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.