ബൈത്ത് അൽ സുബൈർ സൂഫി സംഗീതോത്സവം ഇന്നുമുതൽ
text_fieldsമസ്കത്ത്: ബൈത്ത് അൽ സുബൈർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ബൈത്ത് അൽ സുബൈർ സൂഫി സംഗീതോത്സവം രണ്ടാം പതിപ്പിന് തിങ്കളാഴ്ച തുടക്കമാകും. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്നു രാത്രികളിലായി നടക്കുന്ന പരിപാടിയിൽ ഒമാനകത്തും പുറത്തുനിന്നുമുള്ള മൂന്നു ബാൻഡുകൾ പങ്കെടുക്കും. ഇബ്നു അൽ ഫാരിദ്, റാബിയ അൽ അദവിയ, ശൈഖ് ജെയ്ദ് അൽ ഖറൂസി തുടങ്ങിയ കവികളുടെ ഗാനങ്ങൾ ബാൻഡുകൾ ആലപിക്കും. ആദ്യ ദിവസം ഫെസ്റ്റിവലിൽ ക്ലാസിക്കൽ സൂഫി കവികളുമായി ബന്ധപ്പെട്ട കൃതികൾ ശൈഖ് ഹമദ് ദാവൂദ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച അനുഭവവുമുള്ള പ്രശസ്തരായ കലാകാരന്മാർ ഈ ഗ്രൂപ്പിലുണ്ട്.
രണ്ടാം ദിവസം, ഒമാനി സാവിയ ബാൻഡ് സംഗീത വിരുന്നൊരുക്കും. 2015ൽ സ്ഥാപിതമായ ഈ ബാൻഡ് മൊറോക്കോയിലെ ഫെസ് ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് സ്പിരിച്വൽ മ്യൂസിക് ഉൾപ്പെടെയുള്ള നിരവധി പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. അറിയപ്പെടുന്ന താൻസനിയൻ കലാകാരനായ യഹ്യ ബൈഹഖി ഹുസൈൻ ബാൻഡിനൊപ്പം ചേരും. അറബ്, അന്തർദേശീയ തലങ്ങളിൽ പേരുകേട്ട കലാകാരനാണ് ഇദ്ദേഹം.
മൂന്നാംദിനം ഈജിപ്ഷ്യൻ ബാൻഡായ അൽഹദ്രഹ് ഫോർ സൂഫി സംഗീതത്തോടെ ഉത്സവ രാത്രികൾക്ക് തിരശ്ശീല വീഴും. ആദ്യ പതിപ്പിന്റെ വിജയമാണ് ബൈത്ത് അൽ സുബൈർ സൂഫി സംഗീതോത്സവത്തിന്റെ രണ്ടാം പതിപ്പിന് സംഘാടകരെ പ്രേരിപ്പിച്ചത്. മൊറോക്കോയിൽനിന്നുള്ള ഇബ്നു അറബി ബാൻഡ്, പാകിസ്താനിൽനിന്നുള്ള ഫരീദ് അയാസ് ബാൻഡ്, ഇറാനിൽ നിന്നുള്ള സലാർ അഖിലി ബാൻഡ്, സുൽത്താനേറ്റിൽനിന്നുള്ള അൽസാവിയ ബാൻഡ് എന്നിവരായിരുന്നു ആദ്യ പതിപ്പിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നത്. ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.