ബൈത്തുൽ മറാ കോട്ട: ചരിത്രത്തിലേക്കുള്ള പടിവാതിൽ
text_fieldsമസ്കത്ത്: അൽ ദാഖിറ ഗവർണറേറ്റിലെ യങ്കൽ വിലായത്തിലെ ബൈത്തുൽ മറാ ഒമാൻെറ പ്രൗഢമായ പോയ കാലങ്ങളിലേക്കുള്ള പടിവാതിലാണ്. സൈനിക ആവശ്യങ്ങൾക്കായി നൂറ്റാണ്ടുകൾക്കു മുമ്പ് പണിത നിരവധി കോട്ടകളുണ്ട് ഒമാനിൽ.
രാജ്യത്തെ ശത്രുക്കളിൽനിന്നും കടന്നുകയറ്റക്കാരിൽനിന്നും സംരക്ഷിക്കാൻ നിർമിച്ച ഇത്തരം േകാട്ടകളുടെ നിർമാണ വൈദഗ്ധ്യവും വാസ്തുശിൽപ സൗന്ദര്യവും ഏവരെയും ആകർഷിക്കുന്നവയാണ്. യങ്കൽ പുരാതന നഗരത്തിൽ വീടുകൾക്കും തോട്ടങ്ങൾക്കും നടുവിലായി തല ഉയർത്തി നിൽക്കുന്ന ബൈത്തുൽ മറാ കോട്ട ഒമാനിലെ ഏറ്റവും വലിയ മൂന്നാമത്തെ കോട്ടയാണ്. 400 വർഷങ്ങൾക്കു മുമ്പ് നബ്ഹാനി വംശം ഇൗ മേഖലയിൽ ഭരണം നടത്തുന്ന കാലത്താണ് ഇത് നിർമിച്ചത്.
കോട്ടക്കുള്ളിൽ ബൈത്തുൽ ബസ്റ, ബൈത്തുൽ ശർഖി, ബൈത്തുൽ ഒൗദ് എന്നീ പേരുകളിൽ മൂന്നു ഭവനങ്ങൾ കൂടിയുണ്ട്. ഇവയെല്ലാം കോട്ടയുടെ ഒരു ഭാഗത്തായാണ് നിർമിച്ചിരിക്കുന്നത്. കോട്ടയുടെ ഭാഗമായ സബിലത്ത് അൽ സാമാ പുരാതന കാലം മുതലേ യങ്കലിലെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചതാണ്. ഇവിടെ പരമ്പരാഗതമായി നിരവധി ചടങ്ങുകൾ നടക്കാറുണ്ട്. കോട്ടയിലെ അൽ ബസ്റയിൽ പൊതുജനങ്ങൾ അതിരാവിലെ ഒത്തുകൂടുകയും വിലായത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
കോട്ടക്കുള്ളിൽ ഫലജ് അൽ മുഹദ്ദിത്ത്, ഫലജ് അൽ െഎൻ എന്നീ രണ്ട് ഫലജുകളുണ്ട്. മുൻകാലങ്ങളിൽ യുദ്ധ ആവശ്യങ്ങൾക്കാണ് ഫലജുകൾ ഉപയോഗപ്പെടുത്തിയിരുന്നത്. യുദ്ധകാലത്ത് വെള്ളം കരുതിവെച്ചിരുന്നത് ഇൗ ഫലജുകൾ ഉപയോഗിച്ചായിരുന്നു. അൽ മറാ കോട്ടക്ക് ഇളംതവിട്ടിൽ ചുവപ്പിനോട് ചേർന്ന നിറമാണുള്ളത്.
ചതുരാകൃതിയിൽ നിർമിച്ച കോട്ടക്ക് ചുറ്റും എട്ടു മീറ്റർ ഉയരത്തിൽ മതിലുകളുണ്ട്. എല്ലാ ഭാഗങ്ങളിലുമായി ആറു ടവറുകളും മധ്യഭാഗത്ത് ചതുരത്തിലുള്ള മറ്റൊരു ടവറും ഉണ്ട്. കോട്ടയുടെ പ്രവേശന കവാടത്തിലെത്തുന്ന ആക്രമികളെ തുരത്താനാണ് ടവറുകൾ ഉണ്ടാക്കിയത്. കോട്ടക്ക് സബാ ഗേറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രവേശന കവാടം മാത്രമാണുള്ളത്. ഇത് മനോഹരമായ ചിത്രപ്പണികളോടെയാണ് നിർമിച്ചിരിക്കുന്നത്.
കോട്ടക്കുള്ളിൽ ചെറിയ മുറ്റവും പ്രാർഥന സ്ഥലവുമുള്ള മസ്ജിദുണ്ട്. ഇതോടനുബന്ധിച്ച് അൽ ബറദ എന്ന പേരിൽ വിശുദ്ധ ഖുർആൻ പാരായണത്തിനുള്ള മുറിയും ഉണ്ട്. പ്രാർഥനക്കു മുമ്പ് അംഗശുദ്ധിയുണ്ടാക്കാൻ ഫലജ് അൽ െഎനിലേക്ക് ചെറിയ ഇടനാഴിയുണ്ട്. മസ്ജിദിനു സമീപം സ്ഥിതിചെയ്യുന്ന ശൈഖുമാരുടെയും മറ്റും താമസ ഇടമാണ് ബൈത്ത് അൽ ഒൗദ്. നിരവധി മുറികളോടു കൂടിയ മൂന്നുനില കെട്ടിടമാണിത്.
കോട്ടയുടെ തെക്കുഭാഗത്തുള്ള നിരവധി മുറികളോട് കൂടിയ ഇരുനില കെട്ടിടമാണ് ബൈത്തുൽ ശർഖി. പ്രധാന ശൈഖും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. കിഴക്കു ഭാഗത്തുള്ള ബൈത്തുൽ ബസ്റ കെട്ടിടം അനുപമ ഒമാനി വാസ്തുശിൽപ ചാതുര്യത്തോടെ നിർമിച്ച മനോഹര കെട്ടിടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.