ആത്മസമർപ്പണ നിറവിൽ ബലിപെരുന്നാളാഘോഷം
text_fieldsമസ്കത്ത്: ആത്മസമർപ്പണത്തിന്റെയും ത്യാഗസ്മരണയുടെയും പാഠങ്ങൾ പകർന്ന് വിശ്വാസിസമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. പുലർച്ചതന്നെ മസ്ജിദുകളിലേക്ക് ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമാക്കി. ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിന്റെയും ആത്മസമർപ്പണത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയാറാകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിലൂടെ ആവശ്യപ്പെട്ടു. കനത്ത ചൂടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാളാഘോഷങ്ങൾ. അതുകൊണ്ടുതന്നെ വിവിധ ഇടങ്ങളിൽ അതിരാവിലെയായിരുന്നു പെരുന്നാൾ നമസ്കാരങ്ങളും ഈദുഗാഹുകളും നടന്നത്.
ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹബന്ധം പുതുക്കിയും ബലികര്‍മം നിര്‍വഹിച്ചും ബലിപെരുന്നാൾ ജനം ആഘോഷപൂര്‍വം കൊണ്ടാടി. സ്വദേശികളുടെ പരമ്പരാഗത ആഘോഷപരിപാടികള്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.ഉച്ചക്ക് ശേഷം മലയാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും സന്ദർശിച്ചു. ഹോട്ടലുകളിലും നല്ലതിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് പല ഹോട്ടലുകളും പ്രത്യേക ഓഫർ ഒരുക്കിയത് ബാച്ചിലേഴ്സിന് അനുഗ്രഹമായി.
പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ സലാലയടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉച്ചയോടെതന്നെ ഒഴുകാൻ തുടങ്ങിയിരുന്നു. സ്വദേശികളോടൊപ്പം വിദേശികളും എത്തിയതോടെ റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേണ്ട ക്രമീകരണ
ങ്ങളുമായി രംഗത്തുണ്ടായിരുന്നു. മുവാസലാത്ത് പതിവുപോലെ സർവിസ് നടത്തിയത് സാധാരണക്കാർക്ക് ആശ്വാസമായി.സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ തൈമൂര്‍ മസ്ജിദിലാണ് പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തത്. ആശംസകൾക്ക് നന്ദി അറിയിച്ച സുൽത്താൻ അവർക്ക് തിരിച്ചും ആശംസകൾ കൈമാറി.സുല്‍ത്താന്റെ സായുധസേനയുടെ കമാന്‍ഡര്‍മാര്‍, റോയല്‍ ഒമാന്‍ പൊലീസ്, മറ്റ് സുരക്ഷാ ഏജന്‍സികള്‍, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെ പ്രാർഥനയിൽ പങ്കാളികളായി.
മസ്കത്ത് /സലാല: മസ്കത്ത്, സലാല, സൂർ, ഇബ്രി തുടങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. ഇബ്രാഹീം നബിയുടെ പാത പിന്തുടർന്ന് എല്ലാ പരീക്ഷണങ്ങളിലും അല്ലാഹുവിൽ സമർപ്പിക്കാൻ ഖതീബുമാർ ഉണർത്തി.ബന്ധങ്ങൾ വിളക്കിച്ചേർക്കാനും സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും പ്രയാസപ്പെടുന്നവർക്കായി പ്രാർഥിക്കണമെന്നും ഖതീബുമാർ പറഞ്ഞു.
റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ ത്വാഹാ ദാരിമിയും മത്ര താലിബ് മസ്ജിദിൽ സക്കീർ ഫൈസിയും നേതൃത്വം നൽകി. ഐ.എം.ഐ സലാല മസ്ജിദ് ഉമർ റവാസിൽ ഒരുക്കിയ ഈദ് നമസ്കാരത്തിന് അബ്ദുല്‍ അസീസ് വയനാട് നേതൃത്വം നൽകി. അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഉണര്‍ത്തി.
സുന്നി സെന്റർ മസ്ജിദ് ഹിബ്റിൽ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിന് അബ്ദുല്ല അന്‍വരിയും മസ്ജിദ് ബാ അലവിയിൽ ഐ.സി.എഫ് സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിന് സിക്കന്തര്‍ ബാദുഷ സഖാഫിയും ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ്ഗാഹിന് എൻ.എം. മുഹമ്മദലിയും നേതൃത്വം നൽകി. ഇതര ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മലയാളികളും ഈദാഘോഷിക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്.
മബേല ഇന്ത്യൻ സ്കൂളിന് സമീപമുള്ള മസ്ജിദുൽ ഹയയിൽ മുഹമ്മദ് ഉവൈസ് വഹബി എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകി.ബൗഷർ സുന്നി സെൻററിന് കീഴിൽ മസ്ജിദു റഹ്മയിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിന് മദ്റസതുറഹ്മ പ്രിൻസിപ്പൽ ആശിഖുൽ ഹാദി വാഫി നേതൃത്വം നൽകി. ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.സദസ്സിന് മോയിൻ ഫൈസി ആശംസ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.