പെരുന്നാൾ: ഹബ്ത മാർക്കറ്റുകൾ ഒരുങ്ങി
text_fieldsമസ്കത്ത്: പൊതു അവധി പ്രഖ്യാപിക്കുകയും ബലിപെരുന്നാൾ പടിവാതിൽക്കലെത്തുകയും ചെയ്തതോടെ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലേക്ക് ജനങ്ങൾ ഒഴുകുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ, മറ്റ് സാധനങ്ങളും വാങ്ങാൻ നിരവധി ആളുകളാണ് ഹബ്ത ചന്തകളിൽ എത്തുക.
ആടുകൾ, പശുക്കൾ, ഒട്ടകങ്ങൾ തുടങ്ങിയ കന്നുകാലികളുടെ ഇടപാടുകൾക്ക് ഏറെ പ്രശസ്തമാണ് സൂറിലെ മാർക്കറ്റ്. കൂടാതെ പെരുന്നാളിനുള്ള ആഡംബര വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി മറ്റ് അവശ്യസാധനങ്ങളും ഉപഭോക്താക്കൾക്കായി ഇവിടെനിന്നും ലഭിക്കും. ഹബ്ത നടക്കുന്ന വിലായത്തിൽനിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽനിന്നും ജനങ്ങളെത്തും. കന്നുകാലികളെയും മറ്റും വളർത്തുന്നവർക്ക് നല്ല വിലക്ക് ഉരുക്കളെ വിൽക്കാനുള്ള അവസരം കൂടിയാണിത്.
സംരംഭകർ, കരകൗശല വിദഗ്ധർ, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾ എന്നിവരിൽനിന്നുള്ള ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സുഗമമാക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള അതോറിറ്റി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി ഹബ്ത ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. ബൗശർ, നഫായിൽ, ഫഞ്ച, ഇബ്ര, വാദി ബനീ ഖാലിദ്, അൽ തബ്തി, അൽ യഹ്മാദി അൽ ഹംറ, നിസ്വ, റുസ്തഖ്, സമാഇൽ (സുറൂർ), സൂർ, വാദി അൽ മആവിൽ, ഖാബൂറ, അൽ മിന്തരിബ്, ജഅലാൻ ബനീ ബൂ അലി, സുവൈഖ്, ബഹ്ല, ബർക, ജഅലാൻ ബനീ ബു ഹസൻ, നഖൽ, സീബ്, അൽ ഖാബിൽ, അൽ കാമിൽ അൽ വാഫി, അൽ ഖാബിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹബ്ത മാർക്കറ്റുകൾ സാധാരണ നിലയിൽ നടന്നുവരുന്നത്.
ഒമാനി തനത് സംസ്കാരവുമായി ഇഴ ചേർക്കപ്പെട്ടതാണ് ഹബ്ത. പുതുതലമുറയിലേക്ക് ഈ സംസ്കാരം പകർന്നുനൽകുന്നതിനായി കുട്ടികളുമായും വന്ന് ഇവിടെനിന്നും സാധനങ്ങൾ വാങ്ങുന്നത് സ്വദേശികളുടെ പെരുന്നാൾ ചിട്ടവട്ടങ്ങളിൽപെട്ട ഒന്നാണ്. വസ്ത്രങ്ങൾ, കന്നുകാലികൾ, ഒമാനി മധുരപലഹാരങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ ഈദ് ആവശ്യങ്ങൾക്കുവേണ്ട വിപുലമായ ശ്രേണിതന്നെ ഹബ്തയിലുണ്ടാകും.മികച്ച ഉൽപന്നങ്ങൾ തേടി ഒരു ഹബ്തയിൽനിന്ന് മറ്റൊന്നിലേക്ക് ആളുകൾ പോകാറുണ്ട്. ബലിമൃഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴാണ് ഇതു കൂടുതൽ കണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.