പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം; ബുറൈമിയിൽ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമസ്കത്ത്: ബുറൈമി ഗവർണറേറ്റിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പരിസ്ഥിതി അതോറിറ്റി ഒരു കമ്മിറ്റി രൂപവത്കരിച്ചു.
ആരോഗ്യ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് അതോറിറ്റി കമ്മിറ്റി രൂപവത്കരിച്ചതെന്ന് ബുറൈമിയിലെ പരിസ്ഥിതി നിയന്ത്രണ വിഭാഗം മേധാവി ഹസ്സ ബിൻ മുഹമ്മദ് അൽ മാമരി പറഞ്ഞു. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് 2027 ജനുവരിയോടെ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും ഘട്ടം ഘട്ടമായി നിരോധിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഈ വർഷത്തന്റെ തുടക്കത്തിൽ പരിസ്ഥിതി അതോറിറ്റി തീരുമാനം (നമ്പർ 8/2024) പുറപ്പെടുവിച്ചിരുന്നു.
ആദ്യ ഘട്ടത്തിന് ജൂലൈ ഒന്നിന് തുടക്കം കുറിക്കുറിച്ചു. ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളും പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് ബാഗുകളുടെ അപകടങ്ങളെക്കുറിച്ച് സാംസ്കാരികവും പാരിസ്ഥിതികവുമായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ബോധവൽക്കരണ കാമ്പയിനുകൾ നടപ്പിലാക്കാനാണ് സമിതി ലക്ഷ്യമിടുന്നതെന്ന് മാമരി വിശദീകരിച്ചു. ഒമാന്റെ പരിസ്ഥിതി -വന്യജീവി സംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ട് തീരുമാനം പാലിക്കുന്നത് നിരീക്ഷിക്കും.
പുതുതായി രൂപവത്കരിച്ച കമ്മിറ്റി ഗവർണറേറ്റിലെ എല്ലാ ആശുപത്രികളിലും ഫാർമസികളിലും വെറ്ററിനറി ക്ലിനിക്കുകളിലും ഫീൽഡ് സന്ദർശനം നടത്തി. ഈ സമയത്ത്, പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്യുകയും തീരുമാനവും പ്ലാസ്റ്റിക് ബാഗുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക അപകടങ്ങളും വിശദീകരിക്കുന്ന വിദ്യാഭ്യാസ ബ്രോഷറുകൾ നൽകുകയും ചെയ്തു.
നിയമം ലംഘിച്ചാൽ 50 മുതൽ 1000 വരെ റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടിയയി ചുമത്തും. രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.
114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കൻ പരിസ്ഥിതി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്.
50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടിലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.