ചെമ്മീൻ പിടിക്കാനും ഇടപാടു നടത്താനും ഇന്നു മുതൽ നിയന്ത്രണം; ലംഘിക്കുന്നവർക്ക് തടവും പിഴയും
text_fieldsമസ്കത്ത്: ഡിസംബർ ഒന്നു മുതൽ ചെമ്മീൻ ബന്ധനത്തിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വരുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ആഗസ്റ്റ് വരെ ഒമ്പതുമാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിലെ ചെമ്മീനുകളുടെ പ്രത്യുൽപാദനം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ, മത്സ്യം കൊണ്ടുപോകുന്നവർ, കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മത്സ്യബന്ധനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ എന്നിവർ ഫിഷറീസ് വികസന വകുപ്പുമായും കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് ചെമ്മീനിന്റെ അളവ് രേഖപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശേഷിക്കുന്ന സ്റ്റോക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തില്ലെങ്കിൽ നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ല.
നിരോധനം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴയോ മൂന്നു മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ചെമ്മീൻ ബന്ധനത്തിനുപയോഗിച്ച ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസൻസ് താൽക്കാലികമോ എന്നെന്നേക്കുമായോ റദ്ദാക്കുകയും ചെയ്യും. നിയമനടപടികളും പിഴകളും ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
മത്സ്യബന്ധന നിയന്ത്രണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നിരീക്ഷണ കാമ്പയിനുകൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.