പ്രവാസികളുടെ ബാങ്ക് നിക്ഷേപ സുരക്ഷ വർധിപ്പിക്കാം
text_fieldsബാങ്ക് നിക്ഷേപങ്ങള്‍ ഇല്ലാത്ത പ്രവാസികള്‍ ഉണ്ടാകാന്‍ ഇടയില്ല. സ്ഥിരം നിക്ഷേപം, റെക്കറിങ് ഡിപ്പോസിറ്റ് (ആർ.ഡി), സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. മിക്കവാറും എല്ലാ പ്രവാസികള്‍ക്കും മേൽപറഞ്ഞതില് സേവിങ്സ് ബാങ്ക് അക്കൗണ്ട് കൂടാതെ ഒന്നോ അതിലധികമോ നിക്ഷേപങ്ങള്‍ ഉണ്ടാകാം. ബാങ്ക് നിക്ഷേപങ്ങള്‍ മറ്റു ബാങ്കിതര നിക്ഷേപങ്ങളെ അപേക്ഷിച്ച് പൊതുവെ സുരക്ഷിതവും സ്വീകാര്യമായതും ആണ്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലോകമെമ്പാടും ബാങ്കുകള്‍ യാതൊരു രീതിയിലുള്ള സെക്യൂരിറ്റിയും നിക്ഷേപകന് കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. ബാങ്കുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിക്ഷേപകരുടെ കാര്യം ബുദ്ധിമുട്ടിലാകും. നാട്ടിലെ പല സഹകരണ സ്ഥാപനങ്ങളുടെയും കാര്യം അറിയാമല്ലോ. എന്നാല്‍, ഇങ്ങനെ ബാങ്കുകള്‍ പാപ്പരായാൽ നിക്ഷേപകര്‍ക്ക് ബാങ്കിങ് മേഖലയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ഇത് രാജ്യത്തിന്റെ തന്നെ സമ്പദ് ഘടനയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് സംഭവിക്കാതിരിക്കാന്‍ ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ ) ഒരു ഡിപ്പോസിറ്റ് ഗാരന്റി സ്കീം കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഒരാൾക്ക് ഒരു ബാങ്കിൽ പരമാവധി അഞ്ചു ലക്ഷം രൂപവരെ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്പറേഷന് (ഡി.ഐ.സി.ജി.സി) ഗാരന്റി നല്കുന്നു. ഈ സ്ഥാപനം ആർ.ബി.ഐയുടെ നിയന്ത്രണത്തിലുള്ളതാണ്. ഇന്ത്യയിലെ പൊതു, സ്വകാര്യ വിദേശ ബാങ്കുകളും സഹകരണ മേഖലയിലെ ആർ.ബി.ഐയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന /അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കുകളും ഇതില്‍ പെടുന്നു.
എന്നുവെച്ചാല്‍ ഡി.ഐ.സി.ജി.സിയില്‍ അംഗത്വമുള്ള എല്ലാ ബാങ്കിലെയും നിക്ഷേപകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നർഥം. ഈ ആനുകൂല്യം ലഭിക്കാനായി ഇടപാടുകാരന് ചെലവൊന്നും വഹിക്കേണ്ടതില്ല. അതത് ബാങ്കുകള്‍ ഇതിലേക്കുള്ള പ്രീമിയം കൊടുക്കും. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു നിക്ഷേപകന് ഒരു ബാങ്കില്‍ എല്ലാ നിക്ഷേപങ്ങളും പലിശ ഉള്‍പ്പെടെ (സേവിങ്സ് ബാങ്ക് /ഫിക്സഡ് ഡിപ്പോസിറ്റ് / റെക്കറിങ് ഡിപ്പോസിറ്റ് ) പരമാവധി അഞ്ച് ലക്ഷം രൂപയാണ് ഗാരന്റിയുള്ളത്. ഈ തുക കൂട്ടാനുള്ള മാര്‍ഗങ്ങള്‍ താഴെ പറയുന്നവയാണ്.
1. നിക്ഷേപം പല ബാങ്കുകളിലായി നടത്തുക (ഓരോ ബാങ്കിലും ഒരാള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപയുടെ ഗ്യാരണ്ടി കിട്ടും)
2. ഒരേ ബാങ്കില്‍തന്നെ പല രിതിയില്‍ ഡിപ്പോസിറ്റ് ചെയ്യുക. അതായത് പ്രവാസി ഒറ്റക്കുള്ള അക്കൗണ്ട്, പ്രവാസിയുടെ ഭാര്യയുടെ അക്കൗണ്ട്, പ്രവാസിയും ഭാര്യയും ചേര്‍ന്നുള്ള ജോയന്റ് അക്കൗണ്ട് ഇങ്ങനെ നാലു രീതിയിൽ അക്കൗണ്ടില്‍ സ്ഥിര നിക്ഷേപങ്ങള്‍ ഇടുന്നതുകൊണ്ട് 20 ലക്ഷം രൂപ യുടെ ഗാരന്റി കവര്‍ കിട്ടും. ഗാരന്റി കവറിനു വേണ്ടി ഇതുപോലെ വ്യത്യസ്ത രീതിയിൽ നിക്ഷേപം നടത്താം. പ്രവാസി കുട്ടികളുടെ പേരും ചേര്‍ത്ത് ജോയന്റ് അക്കൗണ്ട് ആക്കി ഗാരന്റി കവര്‍ വീണ്ടും ആവശ്യമെങ്കില്‍ കൂട്ടാം. ഇതേ മാതൃക മറ്റു ബാങ്കുകളിലും ആവര്‍ത്തിക്കാം. അഞ്ചു ബാങ്കിൽ ഇതേ പോലെ ചെയ്താൽ ഒരു കോടിയുടെ ഗാരന്റി കവർ കിട്ടും. ഇങ്ങനെ ഒരേ ബാങ്കില്‍ പല ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങുന്നതിനും അല്ലെങ്കില്‍ വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങള്‍ നടത്തുന്നതിനും തടസ്സങ്ങളില്ല. പക്ഷേ ഇത്തരം നിക്ഷേപങ്ങളുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കണം എന്നുമാത്രം. ചില ബാങ്കുകൾ കൂടുതൽ പലിശ തരുമ്പോൾ മേൽപ്പറഞ്ഞ പരിധിയിൽ നിക്ഷേപം നടത്തുന്നതിൽ തെറ്റില്ല. ഇടത്തരം വരുമാനമുള്ള പ്രവാസികള്‍ കുടുംബത്തോടെ വിദേശങ്ങളിൽ താമസിക്കുന്നതു കൊണ്ട് മുകളില്‍ പറഞ്ഞ രീതിയില്‍ അക്കൗണ്ടുകൾ തുടങ്ങാം. അല്ലെങ്കില്‍ തന്നെ, ഫെമ നിയമം അനുസരിച്ച് പ്രവാസിക്ക് നിബന്ധനകള്‍ക്ക് വിധേയമായി നാട്ടിലെ ഏറ്റവും അടുത്ത ബന്ധുക്കളുമായി ചേര്‍ന്ന് ജോയന്റ് അക്കൗണ്ട് ഓപണ്‍ ചെയ്യാന്‍ വ്യവസ്ഥ ഉണ്ട്.
കേരളത്തിലെ പ്രൈമറി കോഓപറേറ്റിവ് സൊസൈറ്റികള്‍, ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍, കെ.എസ്.എഫ്.ഇ പോലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള നിക്ഷേപങ്ങള്‍ ഈ ഗാരന്റി സ്കീമില്‍ ഉള്‍പ്പെടുന്നില്ല. മേൽപ്പറഞ്ഞ രീതിയില്‍ നിക്ഷേപങ്ങള്‍ പരമാവധി സുരക്ഷിതമാക്കുന്നതില്‍ നിക്ഷേപകന് മറ്റു ചെലവുകള്‍ ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നിരിക്കുന്ന ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത് അഭികാമ്യമാണ്
(ലേഖകന്‍ ഒമാനിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിലെ എക്സിക്യൂട്ടിവ് അഡ്വൈസറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.