ബാത്തിന തീരദേശ പാത; നഷ്ടപരിഹാരം 90 ശതമാനം നൽകി
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ തീരദേശ റോഡ് പദ്ധതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നവർക്കുള്ള നഷ്ടപരിഹാര തുക 90.4 ശതമാനം നൽകിക്കഴിഞ്ഞതായി ഭവന, നഗര വികസനമന്ത്രി ഖൽഫാൻ ബിൻ സഈദ് അൽ ശുഹൈലി അറിയിച്ചു. ബാക്കിയുള്ള കേസുകൾ കൂടി പരിഹരിക്കുന്നതോടെ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 379 കേസുകളാണ് ഇനി പരിഹരിക്കാനുള്ളത്. ഇതിന് 52 ദശലക്ഷം റിയാൽ വേണ്ടിവരും.
ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ പദ്ധതിയുടെ തടസ്സങ്ങൾ നീക്കണമെന്നും നഷ്ടപരിഹാര തുക ഈ വർഷം അവസാനത്തിനുമുമ്പ് കൊടുത്തുതീർക്കണമെന്നും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശിച്ചിരുന്നു.പദ്ധതിക്ക് നിരവധി ലക്ഷ്യങ്ങൾ നിറവേറാനുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു.
നിലവിലുള്ള നഗരങ്ങൾക്കും തീരദേശങ്ങൾക്കും വിഘാതം ഉണ്ടാകാതിരിക്കുക, വ്യത്യസ്തമായ പ്രകൃതിഘടനയെ നിലനിർത്തുകയും അവ വികസിപ്പിക്കുകയും ചെയ്യുക, തീരദേശ മേഖലകളെ വികസിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുക, തീരദേശ ഗ്രാമങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന രീതിയിൽ റോഡ് നിർമിക്കുക, കടലിന് അഭിമുഖമായി നിലകൊള്ളുന്ന കെട്ടിടങ്ങളും സൗകര്യങ്ങളും സംരക്ഷിക്കുക, ബീച്ചിലുണ്ടാകുന്ന മണ്ണൊലിപ്പ് കാരണം റോഡിന് നാശമുണ്ടാകുന്നത് തടയുക എന്നിവയാണ് റോഡ് നിർമാണത്തിൽ ശ്രദ്ധവെച്ച വിഷയങ്ങൾ. റോഡ് നിർമാണത്തിന് രണ്ട് ഘട്ടങ്ങളാണുള്ളത്. ബർക്ക വിലായത്തിലെ നസീം ഇന്റർചേഞ്ച് മുതൽ സുവൈഖ് പോർട്ട് വരെയുള്ളതാണ് ഒന്നാംഘട്ടം. ഇത് 66 കിലോ മീറ്ററാണ്.
സുഹാർ തുറമുഖം മുതൽ യു.എ.ഇ അതിർത്തിയായ ഖത്മത്ത് മിലാഹവരെയുള്ളതാണ് രണ്ടാംഘട്ടം. 67 കിലോ മീറ്റർ ദൈർഘ്യമാണിതിനുള്ളത്. ഇതിൽ രണ്ടാംഘട്ട പദ്ധതിയുടെ പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.