കാഴ്ചയുടെ വസന്തങ്ങൾ തീർത്ത് ബാത്തിന ഫിലിംഫെസ്റ്റിവലിന് തിരശ്ശീല വീണു
text_fieldsമസ്കത്ത്: കാഴ്ചയുടെ പുതുവസന്തങ്ങൾ തീർത്ത് ബാത്തിന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് നഖലിൽ തിരശ്ശീല വീണു.
ഒമാനി ഫിലിം സൊസൈറ്റിയുടെയും സൗത്ത് ബത്തിന ഗവർണറുടെ ഓഫിസിന്റെയും ആഭിമുഖ്യത്തിലായിരുന്നു നാല് ദിവസങ്ങളിലെ പരിപാടി . കലാസൗന്ദര്യത്തിന്റെയും അന്തർദേശീയ സാംസ്കാരിക വിനിമയത്തിന്റെയും ഉജ്ജ്വലമായ സംയോജനമാണ് പ്രദർശനം ഒരുക്കിയിരുന്നത്.
പ്രശസ്ത ഈജിപ്ഷ്യൻ ചലച്ചിത്ര നിർമാതാവ് അഷ്റഫ് സാക്കി മുഖ്യാതിഥിയായി. ഡോ. താലിബ് അൽ ബലൂഷി ഹ്രസ്വചിത്രങ്ങളുടെ ജൂറി അംഗമായിരുന്നു. പ്രാദേശികമായി നിർമിച്ച നിരവധി സിനിമകളും ഷോർട്ട് ഫിലിമുകളും അനിമേഷനുകളും ഡോക്യുമെന്ററികളും വിവിധ അവാർഡിനായി മത്സരിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് വൻ വിജയമായിരുന്നുവെന്ന് ഫിലിം സൊസൈറ്റി മേധാവിയും ഫെസ്റ്റിവൽ ചെയർമാനുമായ ഡോ. ഹമീദ് അൽ അമേരി പറഞ്ഞു. സുൽത്താനേറ്റിനുള്ളിലെ സിനിമ സംസ്കാരത്തെ സമ്പന്നമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചലച്ചിത്ര പ്രദർശനങ്ങൾ, സെമിനാറുകൾ, സിനിമാറ്റിക് പ്രഭാഷണങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നുവെന്ന് ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ അജ്മി പറഞ്ഞു.
ഒമാന്റെ സാംസ്കാരികവും കലാപരവുമായ വൈഭവം പ്രദർശിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുമായി സംസ്കാരങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്നതിനും ഫെസ്റ്റിവൽ വേദിയായി.
ഒമാനെ കൂടാതെ, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ജോർഡൻ, തുനീഷ്യ, മൊറോക്കോ, ഇറാഖ്, ഇറാൻ, യുനൈറ്റഡ് സ്റ്റേറ്റ്സ്, സിറിയ, അൽജീരിയ, പാകിസ്താൻ, ലിബിയ, നെതർലൻഡ്സ്, യമൻ എന്നിങ്ങനെ 17 രാജ്യങ്ങളിൽനിന്നുള്ള പങ്കാളിത്തം ഈ വർഷം മേളയിലുണ്ടായിരുന്നു. കലയ്ക്കും ചലച്ചിത്ര നിർമാണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നുള്ള പ്രതിഭകളെ ഫെസ്റ്റിവലിൽ ആദരിച്ചു. സംവിധായകരായ സഈദ് മൂസ, നാസർ അൽ റുഖൈഷി, വാലിദ് അൽ ഖറൂസി, മുഹമ്മദ് അൽ റുഖൈഷി, ഹുസൈൻ അൽ ബലൂഷി, കലാകാരന്മാരായ ഫഖ്രിയ ഖമീസ്, അബ്ദുൽ ഹക്കിം അൽ സാൽഹി, നജ്ം അൽ ജറാദി, അലി അബ്ദുഹ്, ഫോട്ടോഗ്രാഫർ മുഹമ്മദ് അൽ ബലൂഷി എന്നിവരെയാണ് ആദരിച്ചത്.
ഒമാന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക സ്ഥലങ്ങളും ഉയർത്തിക്കാട്ടുക, ആഗോള സാംസ്കാരിക പ്രസ്ഥാനവുമായി അതിനെ സമന്വയിപ്പിക്കുക എന്നിവ ഫെസ്റ്റിവലിന്റെ ലക്ഷ്യമാണെന്ന് അജ്മി സൂചിപ്പിച്ചു. ആഗോള സാംസ്കാരിക-സിനിമ ലാൻഡ്സ്കേപ്പിന്റെ ഒരു പ്രധാന ഭാഗമാകാനുള്ള ഒമാന്റെ യാത്രയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ഫെസ്റ്റിവൽ അടയാളപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.