ചുഴലിക്കാറ്റിൽ തകർന്ന ബാത്തിന ഹൈവേ നിർമാണം അന്തിമ ഘട്ടത്തിൽ
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിൽ തകർന്ന ബാത്തിന ഹൈവേയുടെ 60 കിലോമീറ്റർ അഥവാ 92.5 ശതമാനം ഭാഗം പുനഃസ്ഥാപിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. അൽ തർമദ് റൗണ്ട് എബൗട്ടിനും ഹഫീത് റൗണ്ട് എബൗട്ടിനുമിടയിലുള്ള ഭാഗമാണ് ഗതാഗത യോഗ്യമാക്കിയത്. ചുഴലിക്കാറ്റ് ബാധിച്ച റോഡുകളുടെ കാലാനുസൃതമായ അറ്റകുറ്റപ്പണിക്കും മറ്റുമായി 250 ദശലക്ഷം റിയാൽ ചിലവിൽ ആണ് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പദ്ധതികൾ നടപ്പിലാക്കുന്നത്.
വാദി ഹായ്, വാദി അൽ ജഹാവിർ, വാദി അൽ സർമി, അൽ ഖാദ്-അൽ അഖീർ, വാദി അൽ ഖനൂത്ത്, വാദി ബാനി ഉമർ എന്നിവിടങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. വാദി ക്രോസിങ്ങുകളിൽ ആർച്ചുകളുടെ നിർമാണം, ട്രാഫിക് സുരക്ഷ നിർദേശ സൂചകങ്ങൾ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിർമാണം പൂർത്തിയാക്കിയതിനെ തുടർന്ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ബാത്തിന വിലായത്തിലെ വാദി അൽ ഖനൂത്ത് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ട്. വാദി അൽ സർമിയിൽനിന്ന് ആരംഭിച്ച് അൽ ഖനൂത്ത് പട്ടണത്തിൽ അവസാനിക്കുന്നു ഇതിന് ആകെ 7.5 കിലോമീറ്റർ നീളമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.