വേണം ജാഗ്രത; വലനെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം
text_fieldsമസ്കത്ത്: ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികൾ ഉപയോഗിച്ച് സംഘം. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ, ഇത്തരം തട്ടിപ്പുകളെ കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.
സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഇൗ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളിലൊന്ന്. സെൻട്രൽ ബാങ്ക് ഓഫ് ഒമാന്‍റെ പേരിൽ ലോഗോയും മറ്റും ഉപയോഗിച്ച് സമൂഹമാധ്യമങ്ങൾ വഴിയാണ് സംഘം തട്ടിപ്പിനായി പ്രചാരണം നടത്തുന്നത്. ചിലയാളുകൾ ഇവരുടെ കെണികൾ വീണുപോകുകയും ചെയ്തിട്ടുണ്ട്. പെട്രോളിയം ഡെവലപ്മെന്‍റ് ഒമാൻ (പി.ഡി.ഒ) ഉപഭോക്താക്കൾക്ക് കാഷ് പ്രൈസ് നൽകുന്നെന്ന സന്ദേശമാണ് മറ്റൊന്ന്. ഈ പ്രചാരണം വ്യാജമാണെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. വാട്സ്ആപ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഇതുസംബന്ധിച്ച പരസ്യം പ്രചരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പ്രസ്താവനയുമായി രംഗത്തെത്തിയത്.
അതേസമയം, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്‍റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.
അതേസമയം, സാങ്കേതികവിദ്യയിലെ സാധാരണക്കാരുടെ അജ്ഞതയും മറ്റും മുതലെടുത്താണ് ഇത്തരം സംഘങ്ങൾ അരങ്ങുവാഴുന്നത്. സുരക്ഷിതമായ ബാങ്കിങ് അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാനായി സെന്‍ട്രല്‍ ബാങ്ക് ബാങ്കുകള്‍ക്കും പണവിനിമയ കമ്പനികള്‍ക്കും സമയബന്ധിതമായി സര്‍ക്കുലറുകള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയവയൊക്കെ നല്‍കാറുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളും തട്ടിപ്പുസംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിർമിച്ച് അയാളുടെ അടുത്ത സുഹൃത്തുക്കളിൽനിന്നും പണം തട്ടിയെടുക്കുന്ന രീതി അടുത്തകാലത്തായി വർധിച്ചിരുന്നു. മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് ഇത്തരത്തിലൂടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഓൺലൈൻ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായി മുന്നോട്ടുപോകുകയാണ് ഇത്തരം ആളുകളെ തടയിടാനുള്ള മാർഗമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പ് ഏഴ് വിദേശികൾ പിടിയിൽ
മസ്കത്ത്: ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽനിന്നാണ് ഏഷ്യക്കാരായ ഏഴുപേരെ പൊലീസ് കുറ്റാന്വേഷണ വിഭാഗം ജനറല്‍ ഡിപ്പാര്‍ട്മെന്റ് പിടികൂടുന്നത്. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലാക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയും തെറ്റായ സന്ദേശങ്ങൾ അയച്ചും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടിയാണ് ഇവർ ഇരകളെ കെണിയിൽ അകപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.