സൂക്ഷിക്കുക, ആ സന്ദേശം ബാങ്കിൽ നിന്നല്ല
text_fieldsബാങ്കിൽനിന്നെന്ന വ്യാജേന തട്ടിപ്പുകാരുടെ സന്ദേശം വീണ്ടുമെത്തി തുടങ്ങി
മസ്കത്ത്: 'പ്രിയപ്പെട്ട ഉപഭോക്താവേ, ഒമാൻ ഐ.ഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ നിങ്ങളുടെ എ.ടി.എം കാർഡ് ബ്ലോക്ക് ആക്കിയിരിക്കുകയാണ്. എ.ടി.എം കാർഡ് തുടർന്നും ഉപയോഗിക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക'- ഒമാൻ സെൻട്രൽ ബാങ്കിൽ നിന്നാണെന്ന മട്ടിൽ ഇത്തരമൊരു സന്ദേശം മൊബൈലിൽ വന്നാൽ സൂക്ഷിക്കുക; ശുദ്ധ തട്ടിപ്പാണ്. ചെറിയൊരു ഇടവേളക്കുശേഷം ബാങ്കിൽ നിന്നെന്ന വ്യാജേനയുള്ള തട്ടിപ്പുകാരുടെ സന്ദേശം വീണ്ടുമെത്തി തുടങ്ങി. എ.ടി.എം കാർഡ് ബ്ലോക്കാണെന്നും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് തകരാർ പരിഹരിക്കൂ എന്നാണ് സന്ദേശം വരുക. ഇത്തരം മെസേജ് കിട്ടുന്നവർ ബാങ്കിൽ നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ അത് വ്യാജമാണെന്നും ബാങ്ക് ഇത്തരം മെസേജുകള്‍ അയക്കില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്. ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയോ മെസേജുകളോട് പ്രതികരിക്കുകയോ ചെയ്യരുത് എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. പ്രതികരിച്ചാലുണ്ടായ നഷ്ടങ്ങൾക്ക് ബാങ്കുകൾ ഉത്തരവാദിയല്ലെന്നും പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത രഹസ്യവിവരങ്ങൾ ആർക്കും കൈമാറരുത്. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാൽ ആദ്യം ബാങ്കിനെ അറിയിച്ച് അക്കൗണ്ടും ക്രെഡിറ്റ് കാർഡും മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യണം. അല്ലെങ്കിൽ നേരിട്ട് ശാഖയിലെത്തി വിവരങ്ങൾ പുതുക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, അധികൃതർ പലയാവർത്തി മുന്നറിയിപ്പ് നൽകിയിട്ടും മലയാളികളടക്കമുള്ളവർ തട്ടിപ്പിന് ഇരയാകാറുണ്ട്. വരുന്ന മെസേജ് കൃത്യമായി മനസ്സിലാക്കാതെയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഒമാൻ സെൻട്രൽ ബാങ്കിൽ നിന്നെന്ന വ്യാജേന വന്ന മെസേജിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നത് 'സോൾട്ട്നാറ്റ് ഓഫ് ഒമാൻ'(Saltnat of Oman) എന്നാണ് എഴുതിയിരിക്കുന്നത്.
ഇത്തരം പ്രകടമായ തെറ്റുപോലും തിരിച്ചറിയാനാകാതെ നിരവധി പേർ തട്ടിപ്പിന് ഇരയാകാറുണ്ട്. പല രീതികളാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിച്ച് വരാറുള്ളത്. മസ്കത്ത് ബാങ്കിന്റെ പേരിലും പര്‍ച്ചേസ് ചെയ്ത വകയിലും നറുക്കെടുപ്പിലും കോണ്ടസ്റ്റിലും സമ്മാനം ലഭിച്ചുവെന്ന പേരിലുമൊക്കെ വരുന്ന മെസേജുകളോട് അറിയാതെ പ്രതികരിച്ച് പോയാല്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. എസ്.എം.എസ്, വാട്സ്ആപ് സന്ദേശങ്ങളുപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പുറമെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ കൈവശപ്പെടുത്തിയും പണം അപഹരിക്കുന്നുണ്ട്. മലയാളികളടക്കം ഒട്ടേറേ പേർക്ക് ദിവസവും ഇത്തരത്തിലുള്ള വ്യാജ സന്ദേശവും ഫോൺ വിളികളും ലഭിക്കുന്നുണ്ട്. ചതിയിൽപ്പെട്ടവർ പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ ഇരകളുടെ എണ്ണവും കൂടി വരുകയാണ്. ബാങ്കുകളുടെയും ടെലിഫോൺ കമ്പനികളുടെയും ഹൈപ്പർ മാർക്കറ്റുകളുടെയും പേരിൽ തന്നെയാണ് വ്യാജ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത്.
നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറണമെന്നും പറഞ്ഞാണ് കോളുകളും സന്ദേശങ്ങളുമെത്തുക. ഒമാൻ സെൻട്രൽ ബാങ്ക്, നാഷനൽ ബാങ്ക് ഓഫ് ഒമാൻ, ബാങ്ക് മസ്കത്ത്, ബാങ്ക് ദോഫാർ, ഒമാൻടെൽ, ഉരീദു എന്നിവിടങ്ങളിൽ നിന്നെല്ലാം ഉപഭോക്താക്കൾക്ക് ഇടക്കിടെ മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.