പാചകവാതക സിലിണ്ടറുകള്‍ വേണം ജാഗ്രത
text_fieldsമസ്കത്ത്: പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ചെറിയ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം. സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബര്‍ ട്യൂബ്, വാല്‍വ് തുടങ്ങിയവ ചില ഇടവേളകളിൽ പരിശോധിക്കുകയും വാതകച്ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.
സിലിണ്ടറുകള്‍ അടുക്കളയില്‍ വെച്ചുള്ള പാചകം അപകടങ്ങള്‍ക്ക് വഴിയൊരുക്കും. സിലണ്ടര്‍ പുറത്തുവെച്ച് വായുസഞ്ചാരം ഉറപ്പാക്കണം. ഉരുണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ സിലിണ്ടര്‍ ചെരിച്ചിടരുത്. കത്തുന്ന വിളക്കോ തീപിടിക്കാന്‍ സാധ്യതയുള്ളവയോ ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം സിലിണ്ടര്‍ ഫിറ്റ് ചെയ്യുക. തീയോ തീപ്പൊരിയോ ഉണ്ടാകാവുന്ന സ്ഥലങ്ങളില്‍നിന്ന് സിലിണ്ടര്‍ മാറ്റിവെക്കുക.
ഉപയോഗിക്കാത്ത നോബുകള്‍ ഓഫ് ആണെന്ന് ഉറപ്പാക്കണം. പാചകം കഴിഞ്ഞാല്‍ ഗ്യാസ് റെഗുലേറ്റര്‍ അടയ്ക്കണം. ഒന്നിലേറെ സിലിണ്ടറുകള്‍ ചൂടുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. തീപിടിത്ത സാധ്യതയുള്ള ഉൽപന്നങ്ങള്, വൈദ്യുതി സ്വിച്ചുകള്‍ തുടങ്ങിയവക്ക് സമീപം സിലിണ്ടര്‍ വെക്കരുത്. ഒരു സിലിണ്ടറില്‍നിന്ന് കൂടുതല്‍ ട്യൂബുകള്‍ ഘടിപ്പിക്കരുത്. മുറുകാത്ത റെഗുലേറ്ററോ പൈപ്പോ സ്ഥാപിക്കരുത്. അംഗീകൃത കമ്പനികളില്‍നിന്നും ഏജന്‍സികളില്‍ നിന്നും മാത്രം ഗ്യാസ് സിലിണ്ടര്‍ വാങ്ങുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.