ബലിപെരുന്നാള്‍ അവധി;‘ബീഹ്’ ശേഖരിച്ചത് 39,000 ടണ്ണിലധികം ഖരമാലിന്യം
text_fieldsമസ്കത്ത്: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്ന് ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വിസസ് ഹോള്‍ഡിങ് കമ്പനി (ബീഹ്) ശേഖരിച്ചത് 39,000 ടണ്ണിലധികം ഖരമാലിന്യം. ജൂൺ 27 മുതല്‍ ജൂലൈ ഒന്നുവരെയുള്ള ദിവസങ്ങളിലാണ് ഇത്രയും മാലിന്യം ശേഖരിച്ചത്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വര്‍ധനവാണ് മാലിന്യങ്ങളിൽ ഈ ദിനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഖരമാലിന്യങ്ങള്‍ ശേഖരിച്ചത് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ്, 6,873 ടണ്‍. തെക്കന്‍ ബാത്തിന (6,175 ടണ്‍), ദാഹിറ (2,390 ടണ്‍), ബുറൈമി (984 ടണ്‍), മുസന്ദം (279 ടണ്‍) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളിൽനിന്ന് ശേഖരിച്ചവയുടെ കണക്കുകളെന്ന് ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വിസസ് ഹോള്‍ഡിങ് കമ്പനി അറിയിച്ചു.
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇരട്ടിയിലധികം സമയം ചെലവഴിച്ചാണ് ഇത്രയും മാലിന്യം ശേഖരിക്കുന്നത്. ഇതുവഴി പ്രതിദിനം ശരാശരി 8,000 ടണ്ണിലധികം നഗര മാലിന്യങ്ങളാണ് ശേഖരിച്ചതെന്ന് നഗരസഭ വേസ്റ്റ് സെക്ടറിലെ ഓപറേഷന്‍സ് വിഭാഗം മേധാവി ഖമീസ് ബിന്‍ മര്‍ഹൂണ്‍ അല്‍ സിയാബി പറഞ്ഞു. മാലിന്യങ്ങളുടെ ശേഖരങ്ങൾ മുന്നിൽ കണ്ട് ഓരോ ഗവർണറേറ്റിലും മികച്ച മുന്നൊരുക്കമാണ് കമ്പനി നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ, തടസ്സങ്ങളില്ലാതെതന്നെ സേവനങ്ങൾ നടത്താനായി.
മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും പ്രത്യേക ടീമുകള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഈദ് അവധി ദിനങ്ങളില്‍ മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേകമായി 305 വേസ്റ്റ് ബിന്‍ വിതരണം ചെയ്തിരുന്നതായി സീനിയര്‍ റീജനല്‍ ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് അഹമദ് അല്‍ മഅ്മരി പറഞ്ഞു. കശാപ്പ് ചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യ കുട്ടയിൽ പലരും കൊണ്ടുവന്നിട്ടിരുന്നു. ഇത് പെട്ടെന്ന് സംസ്കരിച്ചിട്ടില്ലെങ്കിൽ ആരോഗ്യ -പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മികച്ച മുന്നൊരുക്കത്തോടെയായിരുന്നു മാലിന്യശേഖരണവും സംസ്കരണവും കമ്പനി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.