തെങ്ങോലകളിൽ വണ്ട് ആക്രമണം; ദോഫാറിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന്തളിക്കുന്ന കാമ്പയിനുമായി കൃഷി മന്ത്രാലയം
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ തെങ്ങിൻ പട്ടയെ വണ്ടുകളുടെ ആക്രമണത്തിൽനിന്ന് ചെറുക്കുന്നതിനുള്ള കാമ്പയിനുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. മെച്ചപ്പെട്ട കാര്യക്ഷമതക്കായി ഡ്രോണുകൾ ഉപയോഗിച്ച് ഗ്രൗണ്ട്, ഏരിയൽ സ്പ്രേയിങ് പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ എല്ലാ വിഭവങ്ങളുമായി ഫീൽഡ് ടീമുകളെ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. സലാലയിൽനിന്നുള്ള മജ്ലിസ് ശൂറ അംഗമായ ഹമദ് ബിൻ അവദ് സവഖറൂണിന്റ രക്ഷാകർതൃത്വത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. തെങ്ങുകൾ സംരക്ഷിക്കുക, കാർഷിക മേഖലയുടെ സംരക്ഷണവും വളർച്ചയും പ്രോത്സാഹിപ്പിക്കുക, കീടനിയന്ത്രണ ശ്രമങ്ങളിൽ കർഷകരെ സഹായിക്കുക എന്നിവയാണ് ജൂൺ 13 വരെ നടക്കുന്ന കാമ്പയിന്റെ ലക്ഷ്യങ്ങൾ. ഗവർണറേറ്റിൽ നടക്കുന്ന അഞ്ചാമത്തെ കാമ്പയിനാണിതെന്ന് ദോഫാറിലെ അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ എൻജിൻ റാഷിദ് ബിൻ സയീദ് അൽ ഗഫ്രി അറിയിച്ചു.
സലാല, താഖ വിലായത്തുകളിലാണ് കാമ്പയിൻ നടത്തുന്നത്. വിവിധ സർക്കാർ ഏജൻസികളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ച് നടത്തുന്ന വാർഷിക പരിപാടിയുടെ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു. മരുന്ന് തളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാമ്പെയിൻ ഷെഡ്യൂളും ചർച്ച ചെയ്യുന്നതിനായി ദോഫാറിലെ അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഡയറക്ടറേറ്റ് കർഷകരുമായി സർക്കാർ, സ്വകാര്യ ഏജൻസികളുടെ സംയുക്ത യോഗം നടത്തി.
തെങ്ങോലകളെ നശിപ്പിക്കുന്ന ‘ബ്രോൻസ്റ്റിപ ലോങ്ങിസ്സിമ’ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കീടത്തെ നശിപ്പിക്കാൻ ഒരുമാസം നീളുന്ന പദ്ധതിക്കാണ് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം രൂപംനൽകിയത്. തെങ്ങിനും മറ്റു മരങ്ങൾക്കും ഏറെ അപകടമുണ്ടാക്കുന്ന കീടമാണിത്. ഇളം പ്രായമുള്ള തെങ്ങുകളുടെ കോശങ്ങളിലാണ് ഇവ മുട്ടയിടുന്നതും വളരുന്നതുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത് തെങ്ങോലകളുടെ വളർച്ച മുരടിക്കാനും ഉണങ്ങാനും കാരണമാകും. ഇതോടെ തേങ്ങ ഉൽപാദനം കുറയുകയും ചെയ്യും. ഇവയുടെ കടന്നാക്രമണം വർധിക്കുകയാണെങ്കിൽ തെങ്ങ് ഉണങ്ങിപ്പോവുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വണ്ടുകൾ എല്ലാതരം തെങ്ങുകളെയും ആക്രമിക്കുമെങ്കിലും ഇളയ തെങ്ങുകളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇളം തെങ്ങുകളുടെ കൂമ്പുകളാണ് ഇവക്ക് മുട്ടിയിടാനും വളരാനും ഏറെ സൗകര്യപ്രദം. വണ്ടിന്റെ ലാർവകൾ തെങ്ങോലയുടെ എല്ലാ ഭാഗത്തെയും ബാധിക്കാറുണ്ടെങ്കിലും ചെറിയ ഓലകളെ ബാധിക്കുന്നതാണ് ഏറെ അപകടകരം.
ഗൾഫ് മേഖലയിലെ കേരളം എന്നറിയപ്പെടുന്ന സലാലയിലെ പ്രധാന കൃഷി തെങ്ങാണ്. സലാലയുടെ വിവിധ ഭാഗങ്ങളിൽ ഒന്നര ലക്ഷത്തിലധികം തെങ്ങുകളുണ്ട്. സലാലയുടെ പ്രധാന ആകർഷകമായ തെങ്ങുകളെ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ദോഫാർ മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും പൊതുസ്ഥലങ്ങളിലും മുനിസിപ്പാലിറ്റി തെങ്ങുകൾ വളർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.