പ്രവാസി വീടുകളിൽ നവരാത്രി ആഘോഷത്തിനു തുടക്കം
text_fieldsസുഹാർ: പ്രവാസി വീടുകളിൽ നവരാത്രി ആഘോഷത്തിനു തുടക്കമായി. തിന്മയുടെ പ്രതിരൂപമായ മഹിഷാസുരനെ ദുർഗാദേവി നിഗ്രഹിച്ചതിെൻറ ഓർമക്കായ് ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ ഒമ്പത് ദിവസമാണ് ആഘോഷം. നാട്ടിലെപോലെ വിപുല ആഘോഷങ്ങൾ ഇല്ലെങ്കിലും വീടുകളിൽ ഈ ദിവസങ്ങളിൽ കർശന ചിട്ടയോടെ പ്രാർഥനയും ഭജനയും കീർത്തനവും ചൊല്ലി നവരാത്രിയുടെ വരവ് ആഘോഷിക്കുമെന്ന് സഹമിലെ വീട്ടമ്മ അരുണ വിജയകുമാർ പറഞ്ഞു. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, ലക്ഷ്മി, സരസ്വതി ദേവതകൾ ഒത്തുചേർന്ന് ദുർഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം നോറ്റ്, ആയുധപൂജയിലൂടെ ശക്തിയാർജിച്ചെന്നാണ് ഐതിഹ്യം. നവരാത്രിയിൽ ആദ്യ മൂന്നു ദിവസം പാർവതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. ഏഴാം ദിവസം കാളരാത്രിയായും ദുർഗാഷ്ടമി നാളിൽ ദുർഗയായും മഹാനവമി നാളിൽ മഹാലക്ഷ്മിയായും വിജയദശമി നാളിൽ മഹാസരസ്വതിയായും ദേവീ സ്വരൂപത്തെ സങ്കൽപിച്ച് പൂജിക്കാറുണ്ട്. കേരളത്തിൽ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിെൻറയും സമയമാണ്.
അഷ്ടമി നാളിൽ പണിയായുധങ്ങൾ പൂജക്ക് വെക്കുന്നു. മഹാനവമി ദിവസം മുഴുവൻ പൂജ ചെയ്ത ശേഷം വിജയദശമി ദിനമാണ് വിദ്യാരംഭം. അന്നാണ് കുട്ടികളെ എഴുത്തിനിരുത്തുന്നതും പുതിയ കലകളുടെ പരിശീലനത്തിന് ആരംഭം കുറിക്കുന്നതും. തമിഴ് വീടുകളില്‍ നവരാത്രിക്കാലം ബൊമ്മക്കൊലുക്കളുടേതാണ്. മലയാളികളിൽ ചുരുക്കമാണ് ബൊമ്മക്കൊലു വെക്കൽ. നവരാത്രി ദിനാരംഭത്തില്‍ വീടുകളിൽ ബൊമ്മക്കൊലു വെക്കും. പ്രതിമകള്‍ക്കിടയില്‍ െവക്കുന്ന കുംഭമാണു ഏറ്റവും പ്രധാനം. കുംഭത്തിനു ചാര്‍ത്താൻ പ്രത്യേക തരം മാലകളും അലങ്കാരവസ്തുക്കളുമുണ്ട്. ഇതിനു പുറമെ, മരപ്പാച്ചി പട്ടരും പട്ടത്തിയും തുടങ്ങി പലവിധത്തിലുള്ള ബൊമ്മക്കൊലുകളും ഉണ്ടാക്കി െവക്കും. ബൊമ്മക്കൊലുക്കള്‍ ഒരുക്കുന്നതും ദേവിയെ പൂജിക്കുന്നതും സ്ത്രീകളാണ്. ഒമ്പതു ദിവസവും രാവിലെ ശോഭനം പാടിയാണ് പൂജ. ഇതു വീടിന് ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.