ബെൽജിയം ആഭ്യന്തരമന്ത്രി ശബാബ് ഒമാൻ-2 നാവിക കപ്പൽ സന്ദർശിച്ചു
text_fieldsമസ്കത്ത്: യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായി ബെൽജിയം തുറമുഖത്തെത്തിയ 'ശബാബ് ഒമാൻ 2' നാവിക കപ്പലിന് ഉജ്ജ്വല വരവേൽപ്. നെതർലാൻഡിലെ ആംസ്റ്റർഡാം തുറമുഖത്ത് നിന്നാണ് കപ്പൽ ബെൽജിയത്തിലെ ആന്റ്‌വെർപ് തുറമുഖത്തെത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം ബെൽജിയം ആഭ്യന്തര മന്ത്രി ആൻലീസ് വെർലിൻഡൻ കപ്പൽ സന്ദർശിച്ചു. കപ്പലിന്‍റെ യാത്രയെയും അതിന്‍റെ ലക്ഷ്യങ്ങളെയും കുറിച്ച് വിശിഷ്ടാതിഥിക്ക് ക്യാപ്റ്റന്‍റെ നേതൃത്വത്തിൽ ജീവനക്കാർ വിശദീകരിച്ചുകൊടുത്തു. നിരവധി സഹോദര-സൗഹൃദ രാജ്യങ്ങളിലെ അംബാസഡർമാർ, ബെൽജിയത്തിൽ താമസിക്കുന്ന നയതന്ത്രജ്ഞർ, വ്യവസായികൾ തുടങ്ങിയവരും കപ്പൽ കാണാൻ എത്തിയിരുന്നു.
ബെൽജിയത്തിലെ ഒമാൻ അംബാസഡറും യൂറോപ്യൻ യൂനിയനിലെ ദൗത്യത്തിന്റെ തലവനുമായ നജിം ബിൻ സുലൈമാൻ അൽ അബ്രിയുടെ സാന്നിധ്യത്തിൽ ക്യാപ്റ്റൻ സന്ദർശകരെ സ്വാഗതം ചെയ്തു.
ബെൽജിയത്തിലെ ഒമാൻ എംബസിയിലെ നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ആന്റ്‌വെർപ്പിൽ നടക്കുന്ന ലോങ് ദൗ റേസിങ് ഫെസ്റ്റിവലിലും കപ്പൽ പങ്കാളിയാകും.
'ഒമാൻ, സമാധാനത്തിന്‍റെ ഭൂമിക' എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ 11ന് സുൽത്താനേറ്റിൽനിന്നാണ് ആരംഭിച്ചത്. ഇതിനകം നിരവധി രാജ്യങ്ങളിലെത്തിയ കപ്പൽ 9000ൽ അധികം നോട്ടിക്കല്‍ മൈലാണ് താണ്ടിയിരിക്കുന്നത്.
ലോക സഞ്ചാരത്തിന്‍റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. രാജ്യത്തിന്‍റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽ യാത്രയിലൂടെ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.