ജുമുഅ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം കാരണം രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ച ജുമുഅ നമസ്കാരം അടുത്ത വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ. സുപ്രീംകമ്മറ്റി രണ്ടാഴ്ക്കാലത്തേക്കാണ് ജുമുഅ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സാധാരണ നമസ്കാരങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ലെങ്കിലും ജുമുഅ നമസ്കാരം നിലച്ചതോടെ തീരെ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. സുപ്രീംകമ്മിറ്റി പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ഇതോടെ വിശ്വാസികൾക്ക് വീണ്ടും ജുമുഅ നമസ്കാരത്തിന് അനുവാദം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ നിരവധിയാണ്.
എന്നാൽ, കോവിഡ് വ്യാപന നിരക്കുകൾ കുറയാത്ത സാഹചര്യത്തിൽ വിലക്ക് ഇനിയും നീട്ടാനാണ് സാധ്യതയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കഴിഞ്ഞ കുറെ ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് മാത്രമല്ല മരണനിരക്കും കൂടിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ച് വിലക്ക് നീട്ടാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ജുമുഅ നമസ്കരത്തിന് കൂടുതൽ വിശ്വാസികൾ എത്തിത്തുടങ്ങിയത് കോവിഡ് വ്യാപിക്കാൻ കാരണമായെന്നാണ് പലരും കരുതുന്നത്. മസ്ജിദിനകത്ത് സാമൂഹിക അകലം പാലിക്കുന്നുണ്ടെങ്കിലും കയറുമ്പോഴും ഇറങ്ങുമ്പോഴും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രാർഥനക്ക് കൂടുതൽ പേർ എത്തിയതും കോവിഡ് മാനദണ്ഡങ്ങൾ കുറഞ്ഞ വിഭാഗം ആളുകൾ പാലിക്കാതിരുന്നതും ചില മസ്ജിദുകളിൽ പ്രയാസം സൃഷ്ടിച്ചിരുന്നു. ഏതായാലും ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകമ്മിറ്റി എടുത്ത തീരുമാനം സമയോചിതമാണെന്നാണ് കരുതുന്നത്.
നിലവിലെ സാഹചര്യത്തിൽ സുപ്രീംകമ്മിറ്റിയുടെ തീരുമാനമെന്താണെന്ന് കാത്തിരിക്കുകയാണ് വിശ്വാസികൾ. തീരുമാനം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ മുൻനിർത്തി സുപ്രീം കമ്മിറ്റി തീരുമാനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് വിശ്വാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.