റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
text_fieldsമസ്കത്ത്: വിശ്വാസികളുടെ വസന്തകാലമായ വിശുദ്ധ റമദാനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. രണ്ട് വർഷക്കാലത്തെ കോവിഡ് ഭീതിക്ക് ശേഷം നിയന്ത്രണങ്ങളിൽ അയവുവന്ന റമദാൻ ആയതിനാൽ ഏറെ ആവേശത്തോടെയാണ് വിശ്വാസികൾ ഇത്തവണ റമദാനെ സ്വീകരിക്കുന്നത്.
എല്ലാചര്യകളും പൂർണതയോടെ പാലിക്കാനും ദൈവ പ്രീതി നേടിയെടുക്കാനുമുള്ള പ്രതിജ്ഞയിലാണ് വിശ്വാസികൾ. സമൂഹ ഇഫ്താറുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ദൈവത്തോട് അടുക്കാനുള്ള എല്ലാവഴികളും തേടുകയാണ് വിശ്വാസികൾ. ജുമുഅ പ്രാർഥനയിൽ റമദാനും അതിന്റെ ചൈതന്യവുമാണ് ഇമാമുമാർ വിഷയമാക്കിയത്.
റമദാനെ വരവേൽക്കാൻ മസ്ജിദുകളിലും മറ്റും ഒരുക്കം നടന്നുകഴിഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും പെയിൻറിങ് അടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയുമാണ് എല്ലാ മസ്ജിദുകളും റമദാനെ വരവേൽക്കുന്നത്. ചില മസ്ജിദുകളിൽ റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്നതിനാൽ സൗകര്യങ്ങളും വർധിപ്പിക്കുന്നുണ്ട്.
റമദാൻ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ മുനിസിപ്പാലിറ്റികളും ബന്ധപ്പെട്ട അധികൃതരും നേരത്തെ തന്നെ നീക്കങ്ങൾ നടത്തിയിരുന്നു. ചൂട് കാലത്ത് റമദാനായതിനാൽ പഴവർഗങ്ങൾക്ക് ഈ വർഷം ആവശ്യക്കാർ വർധിക്കും. ഇത് മുന്നിൽ കണ്ട് അധികൃതർ നേരത്തെ തന്നെ പഴവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കിയിരുന്നു.
പഴം ഇറക്കുമതി കമ്പനികൾക്കും മറ്റും റമദാനിൽ ആവശ്യത്തിന് പഴവർഗങ്ങൾ എത്തിക്കാൻ വേണ്ട സൗകര്യങ്ങളും അധികൃതർ നടത്തിയിരുന്നു. പല പഴവർഗങ്ങളുടെ സീസൺ ആയതിനാൽ ഈ വർഷം റമദാനിൽ പഴവർഗങ്ങൾ സുലഭമായിരിക്കും.
റമദാനിൽ വില വർധന തടയാനും ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിൽക്കുന്നത് ഒഴിവാക്കാനും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മറ്റു ഉപഭോക്തൃ സംരക്ഷണ സമിതി അധികൃതരും മറ്റും പരിശോധന നടത്തുന്നുണ്ട്. വീഴ്ചകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളിൽ റമദാൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസം നല്ല തിരക്കായിരുന്നു. തിരക്ക് കാരണം പല ടൗണുകളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. മത്ര അടക്കമുള്ള സൂഖുകളിൽ കഴിഞ്ഞദിവസങ്ങളിൽ നല്ല കച്ചവടമാണ് നടന്നത്. സൂഖുകളിൽ കുടുംബങ്ങൾ കൂട്ടത്തോടെ പർച്ചേസിന് ഇറങ്ങി.
കുടുംബമായി താമസിക്കുന്നവർ വീട് വൃത്തിയാക്കിയും റമദാൻ ഉൽപന്നങ്ങൾ എത്തിച്ചും ഒരുക്കം നടത്തി. വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ നിരവധി കുടുംബങ്ങൾ ഒമാനിലേക്ക് തിരിച്ചു വരുന്നുണ്ട്.
നാട്ടിൽ സ്കൂൾ അവധി ആരംഭിച്ചതോടെ കുടുംബസന്ദർശന വിസക്കെത്തുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.